ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ പണം വീട്ടിലെത്തും; സൗജന്യ സേവനവുമായി തപാൽ വകുപ്പ്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ബാങ്കിൽ നിന്നും എടിഎമ്മിൽ നിന്നുമൊക്ക പണം പിൻവലിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിരിക്കുകയാണ്. എന്നാൽ ഇനി പണം പിൻവലിക്കാൻ ബാങ്കിലേക്ക് പോകേണ്ടതില്ല. പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തപാൽ വകുപ്പ്.

എഇപിഎസ് (ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം) വഴിയാണിത് തപാൽ വകുപ്പിന്റെ സഹായത്തോടെ പണം എത്തിച്ചുനൽകുന്നത്. നിക്ഷേപകന്റെ അക്കൗണ്ട് ആധാർ നമ്പറുമായി ബന്ധിപ്പിച്ചതാണെങ്കിൽ ദിവസം 10,000 രൂപ വരെ ലഭ്യമാകും.

പോസ്റ്റ്മാൻ നിക്ഷേപകന്റെ വീട്ടിലെത്തിയാണ് പണം നൽകുക. ഈ സേവനം തികച്ചും സൗജന്യമാണ്. പണം എടുക്കുന്നതിന് അക്കൗണ്ട് നമ്പറും ആവശ്യമില്ല. ആധാർ നമ്പർ മാത്രം പോസ്റ്റ്മാന് നൽകിയാൽ മതി.

പത്തനംതിട്ട ജില്ലയിലാണ് നിലവിൽ ഈ സേവനം ലഭ്യമാകുന്നത്. ഈ സേവനം ലഭ്യമാക്കുന്നതിനായി 0468 2222255 എന്ന നമ്പറിൽ വിളിച്ചോ 8606946788 എന്ന വാട്സാപ് നമ്പറിൽ മെസേജ് അയച്ചോ ആവശ്യം അറിയിക്കാവുന്നതാണ്. തുടർന്ന് പോസ്റ്റ് മാൻ വീട്ടിലെത്തി പണം നൽകും.