കായലിലേക്ക് പെയ്തിറങ്ങുന്ന വലിയ ആലിപ്പഴങ്ങൾ; കൗതുകമായി അപൂർവ കാഴ്ച, വീഡിയോ

hailstone

മഴയിൽ പെയ്തിറങ്ങുന്ന ആലിപ്പഴങ്ങൾ പെറുക്കാൻ ഓടിയ ബാല്യമുള്ളവരാണ് നമ്മളിൽ മിക്കവരും. ഈ ബാല്യകാലത്തിന്റെ മനോഹരമായ ഓർമ്മകൾ ഉണർത്തുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലാണ് കഴിഞ്ഞ ദിവസം ഗോൾഫ് ബോളിന്റെ വലിപ്പത്തിലുള്ള ആലിപ്പഴങ്ങൾ കായലിലേക്ക് പെയ്തിറങ്ങിയത്. പസഫിക് സമുദ്രത്തിനും റോക്കി മലനിരകൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്നൊരു പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.

ആകാശത്തുനിന്നും വലിയ ആലിപ്പഴങ്ങൾ കായലിലേക്ക് പതിക്കുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നുണ്ട്. കായലിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയ സംഘമാണ് ആലിപ്പഴത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബോട്ടിലും കായലിലും വളരെ ശക്തമായി ആലിപ്പഴങ്ങൾ വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മഴയായി പെയ്യേണ്ട ജലകണികകൾ ശക്തമായ കാറ്റിൽ കൂടുതൽ ഉയരത്തിലേക്ക് പോകുമ്പോൾ ഇവ മഞ്ഞുകട്ടകളായി മാറും. എന്നാൽ ഭൂമിയിൽ നിന്നും ഉയർന്നുപൊങ്ങുന്ന ചൂടേറിയ നീരാവി പെട്ടന്ന് തണുക്കുമ്പോൾ ഐസ് കട്ടകളായി രൂപംകൊള്ളും. പിന്നീട് ഇവ തണുത്ത വായുവുമായി സമ്പർക്കത്തിലേർപ്പെടുകയും വളരെപ്പെട്ടന്ന് തണുത്ത് ചെറിയ ഐസ് കട്ടകളായി മാറുകയും ചെയ്യുന്നു.

പല വലിപ്പത്തിലായി കാണപ്പെടുന്ന ആലിപ്പഴം പൊതുവെ ചെറിയ കക്ഷങ്ങളായാണ് ഭൂമിയിൽ പതിക്കുന്നത്. എന്നാൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു ഗോൾഫ് ബോളിന്റെ വലിപ്പത്തിലാണ് ഈ ആലിപ്പഴങ്ങൾ പെയ്തിറങ്ങിയത്.

Read also: കൊറോണ പേടി വേണ്ട; ട്രെയിനുകളിൽ സുരക്ഷിതമായി യാത്ര ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

എന്നാൽ അടുത്തിടെ മഴയ്ക്കൊപ്പം വീണ കൊറോണ വൈറസ് രൂപത്തിലുള്ള ആലിപ്പഴങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. മെക്സിക്കോയിലെ മോൻഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ ‌അത്ഭുത പ്രതിഭാസം ഉണ്ടായത്. ഗോളാകൃതിയിലുള്ള ആലിപ്പഴത്തിൽ നിറയെ മുള്ളുകൾ പോലെ തോന്നിക്കുന്ന ജലകണികൾ നിറഞ്ഞതായിരുന്നു ഇവ.