നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രവുമായി ഷാജി കൈലാസ്, പൃഥ്വിരാജ് നായകനായെത്തുന്ന ‘കടുവ’; ചിത്രീകരണം ഉടന്‍

Prithviraj Sukumaran Kaduva Rolling soon

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കടുവ’. കടവയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഷാജി കൈലാസ് ആണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തെത്തി. മാസ് ഗെറ്റപ്പിലുള്ള പൃഥ്വിരാജ് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം. അതേസമയം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം നിര്‍വഹിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. കൂര്‍മ്മതയോടെയുള്ള പൃഥ്വിരാജിന്റെ നോട്ടവും പുതിയ പോസ്റ്ററിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

Read more: വൃക്കരോഗത്തോട് പൊരുതി നടന്‍ പൊന്നമ്പലം; ചികിത്സയും മക്കളുടെ പഠന ചെലവും ഏറ്റെടുത്ത് കമല്‍ഹാസന്‍

ജിനു വി എബ്രഹാം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. തെന്നിന്ത്യന്‍ സംഗീതഞ്ജന്‍ എസ് തമന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

2013-ല്‍ തിയേറ്ററുകളിലെത്തിയ ജിഞ്ചര്‍ ആണ് ഷാജി കൈലാസ് അവസാനമായി മലയാളത്തില്‍ സംവിധാനം നിര്‍വഹിച്ച ചിത്രം. പിന്നീട് തമിഴില്‍ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2017-ല്‍ തിയേറ്ററുകളിലെത്തിയ വാഗൈ എക്സ്പ്രസ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം നിര്‍വഹിച്ച ചിത്രം.

Story highlights: Prithviraj Sukumaran Kaduva Rolling soon