ചില്ലറക്കാരനല്ല ഈ രോഗം; ക്യാൻസർ രോഗത്തെ തോൽപ്പിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

August 1, 2020

കൊറോണ വൈറസ് ലോകത്ത് സൃഷ്ടിച്ച ആഘാതം കൊണ്ടാകാം..മറ്റ് രോഗങ്ങളെക്കുറിച്ച് ഇപ്പോൾ അധികമാരും പറഞ്ഞ് കേൾക്കാറില്ല…എന്നാൽ പ്രായഭേദമന്യേ മനുഷ്യനെ കാർന്നു തിന്നുന്ന മറ്റൊരു രോഗമാണ് ക്യാൻസർ. ഈ കഴിഞ്ഞ ദിവസം ( ജൂലൈ 27 ) ലോക ഹെഡ് ആൻഡ് നെക്ക് ക്യാൻസർ ദിനമായിരുന്നു. സമൂഹത്തിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്. ഹെഡ് ആൻഡ് നെക്ക് ക്യാന്‍സര്‍ ബാധ ആഗോളതലത്തില്‍ വര്‍ധിക്കുകയാണെന്നാണ് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ ക്യാൻസർ നടത്തിയ പഠനത്തിലൂടെ വ്യക്തമായിരുന്നു.

ഈ ക്യാൻസർ കൂടുതലായി കണ്ടുവരുന്നത് ചുണ്ടിലും വായിലുമാണ്. അമിത പുകവലിയും അമിത മദ്യപാനവുമുള്ളവരില്‍ വായിലെ കാന്‍സറുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മദ്യപാനത്തേക്കാൾ വളരെയധികം ദൂഷ്യം ചെയ്യുന്നതാണ് പുകവലി. അതുകൊണ്ട് പുകവലി പൂർണ്ണമായും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

പൊതുവെ മനുഷ്യൻ ഏറെ ഭയത്തോടെ നോക്കിക്കാണുന്ന രോഗമാണ് ക്യാൻസർ.. എന്നാൽ ഈ രോഗത്തെ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതേസമയം ഈ അസുഖം തിരിച്ചറിയാൻ വൈകിയാൽ ഇത് ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും കാർന്നുതിന്നും. ചിലപ്പോൾ ഇത് തലച്ചോറിലേക്കും അസ്ഥിയിലേക്കും വരെ ബാധിച്ചേക്കാം.

ശരീരത്തിൽ സാധാരണയായി കാണപ്പെടാറുള്ള കോശങ്ങൾ മിക്കപ്പോഴും പരസ്പരം ചേർന്നാണ് കാണപ്പെടുന്നത്. എന്നാൽ ക്യാൻസർ ബാധിച്ച കോശങ്ങൾ മറ്റു കോശങ്ങളെപോലെ ഒട്ടിച്ചേർന്ന് നിൽക്കാറില്ല. ഇവ വളരെയധികം അയഞ്ഞായിരിക്കും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവ എളുപ്പത്തിൽ മറ്റ് ഭാഗങ്ങളിക്ക് പടരാൻ സാധ്യത കൂടുതലാണ്.

Read also:പ്രതിദിനം അരലക്ഷത്തിലധികം കൊവിഡ് കേസുകൾ; കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 764 പേർ

ക്യാൻസറുകളിൽ ഏറ്റവും മാരകമായ മറ്റൊന്നാണ് ലുക്കീമിയ അഥവാ ബ്ലഡ് ക്യാൻസർ. ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നതാണ് കാരണം. അതുകൊണ്ടുതന്നെ ക്ഷീണം തളർച്ച എന്നിവ ഈ അസുഖമുള്ളവരിൽ കാണപ്പെടും. ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.

ലുക്കീമിയയുടെ ലക്ഷണമായി കാണപ്പെടുന്നതാണ് നെഞ്ചുവേദന. ഒപ്പം കാൽപാദങ്ങളിലെ നീർക്കെട്ടും ഈ രോഗത്തിന്റെ ലക്ഷണമാണ്. വായ്, മൂക്ക്, മലം, മൂത്രം എന്നിവയിലൂടെ രക്തം വരുന്നതും ഈ രോഗത്തിന്റെ ലക്ഷണമായി കാണപ്പെടാറുണ്ട്.രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ വൈദ്യ സഹായം തേടണം. അസുഖം മൂർച്ഛിച്ചാൽ അത് സുഖമാക്കാൻ സാധിച്ചെന്ന് വരില്ല, അതിനാൽ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഉത്തമം.

Story Highlights: cancer and health