ഓടിടിയ്ക്ക് പുറമെ ഡിടിഎച്ചിലും; 150ലധികം രാജ്യങ്ങളിൽ പ്രദർശനത്തിന് ഒരുങ്ങി ക പെ രണസിംഗം

തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതുകൊണ്ട് ഒടിടിയുടെ അനന്തസാധ്യതകളിലേക്ക് ചേക്കേറുകയാണ് സിനിമാലോകം. നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നത്. വിജയ് സേതുപതിയുടെ ക പെ രണസിംഗവും ഓൺലൈനായാണ് റിലീസ് ചെയ്യുന്നത്. ഒടിടിയ്ക്ക് പുറമെ ഡിടിഎച്ചിലും ചിത്രം പ്രദർശനത്തിന് എത്തുന്നു. മാത്രമല്ല, മറ്റൊരു പ്രത്യേകത കൂടി പുറത്തുവിടുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

150ലധികം രാജ്യങ്ങളിലാണ് ക പെ രണസിംഗം പ്രദർശനത്തിന് എത്തുന്നത്. ഒക്ടോബർ രണ്ടിനാണ് ചിത്രത്തിന്റെ റിലീസ്. ഡിഷ്‍ടിവി, ടാറ്റാ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ഡി2എച്ച് എന്നീ ഡിടിഎച്ച് സേവനങ്ങളിലൂടെയെല്ലാം ചിത്രം കാണാൻ സാധിക്കും.

അഞ്ച് ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. പത്തിലേറെ അന്താരാഷ്ട്ര ഭാഷകളില്‍ സബ്‌ടൈറ്റിലുകളുമുണ്ട്. ഐശ്വര്യ രാജേഷാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. പി വീരുമാണ്ടി ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. കെ ജി ആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കൊട്ടപാടി ജെ രാജേഷാണ് നിര്‍മാണം.

Story highlights- ka pe ranasingam dth relese