‘മുരളി, ഇത് രജനികാന്താണ് സംസാരിക്കുന്നത്’- കൊവിഡ് ബാധിതനായ ആരാധകന് രജനികാന്തിന്റെ സ്നേഹ സന്ദേശം

ആരാധകരോട് എന്നും അടുപ്പം കാത്തുസൂക്ഷിക്കുന്ന താരമാണ് രജനികാന്ത്. ഇപ്പോഴിതാ, കൊവിഡ് ബാധിതനായ ആരാധകന്റെ ആഗ്രഹം നിറവേറ്റുകയാണ്‌ രജനികാന്ത്. കൊവിഡ്-19 പോസിറ്റീവായതോടെ മുംബൈയിൽ ചികിത്സയിൽ കഴിയുകയാണ് മുരളി എന്ന ആരാധകൻ. ആശുപത്രിവാസത്തിനിടെയാണ് ഇന്നുവരെ താൻ ആരാധിക്കുന്ന രജനികാന്തിനെ കാണാൻ സാധിച്ചിട്ടില്ല എന്ന സങ്കടം സമൂഹമാധ്യമങ്ങളിൽ മുരളി പങ്കുവെച്ചത്.

മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടിയതോടെ രജനികാന്ത് അദ്ദേഹത്തിന് ഒരു ശബ്ദ സന്ദേശം അയക്കുകയായിരുന്നു. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാമെന്നും പൂർണമായി സുഖം പ്രാപിച്ച ശേഷം തമ്മിൽ കാണാമെന്നും രജനികാന്ത് വാഗ്ദാനം ചെയ്തു.

‘മുരളി, ഇത് രജനീകാന്താണ് സംസാരിക്കുന്നത്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. ആത്മവിശ്വാസത്തോടെയിരിക്കുക, നിങ്ങളുടെ അസുഖം ഭേദമാകാൻ ഞാൻ പ്രാർത്ഥിക്കും. ഉടൻ തന്നെ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങാൻ സാധിക്കും. സുഖം പ്രാപിച്ചുകഴിഞ്ഞാൽ, ദയവായി നിങ്ങളുടെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് വരിക. നമുക്ക് പരസ്പരം കാണാം. ആത്മവിശ്വാസത്തോടെയിരിക്കുക, നിങ്ങൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർത്ഥിക്കും’. ഇങ്ങനെയാണ് രജനികാന്ത് ആരാധകനോട് പറയുന്നത്.

രജനികാന്ത് എപ്പോഴും ആരാധകർക്ക് വലിയ പിന്തുണയാണ് നൽകാറുള്ളത്. വർഷത്തിലൊരിക്കൽ തന്റെ ആരാധകരെ കാണുകയും അവർക്കൊപ്പം ഫോട്ടോ പകർത്തുകയും ചെയ്യാറുണ്ട് താരം.നിലവിൽ അണ്ണാത്തെ എന്ന ചിത്രമാണ് രജനികാന്ത് നായകനായി ഒരുങ്ങുന്നത്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ കീർത്തി സുരേഷ്, മീന, ഖുശ്ബു, നയൻതാര, പ്രകാശ് രാജ്, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- Rajinikanth sends voice note to a fan