അല്ലു അർജുനെ കാണാൻ 200 കിലോമീറ്റർ നടന്ന് ഹൈദരാബാദിലെത്തിയ ആരാധകൻ- ഹൃദ്യമായി സ്വീകരിച്ച് പ്രിയതാരം

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ആരാധകവൃന്ദം തീർത്ത താരമാണ് അല്ലു അർജുൻ. ആരാധകരോട് അദ്ദേഹം അടുപ്പം പുലർത്താറുമുണ്ട്. ഇപ്പോഴിതാ, കിലോമീറ്ററുകളോളം നടന്ന് പ്രിയതാരത്തെ കാണാൻ ഹൈദരാബാദിലെത്തിയ ഒരു ആരാധകനാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

മച്ചേർല എന്ന സ്ഥലത്ത് നിന്നും 200 കിലോമീറ്റർ കാൽനടയായി ഹൈദരാബാദിലേക്ക് എത്തുകയായിരുന്നു ഈ ആരാധകൻ. മുൻപ് ഒട്ടേറെ തവണ ശ്രമിച്ചിട്ടും അല്ലു അർജുനെ കാണാൻ പി നാഗേശ്വര റാവു എന്ന ആരാധകന് സാധിച്ചിരുന്നില്ല. ഒടുവിൽ, ഹൈദരാബാദിലേക്ക് പദയാത്ര നടത്തിയാൽ താരത്തിന്റെ ശ്രദ്ധ നേടാൻ സാധിക്കുമെന്നും അങ്ങനെ അല്ലുവിലേക്ക് എത്തിച്ചേരാമെന്നും തീരുമാനിച്ച് മച്ചേർലയിൽ നിന്നും നടക്കുകയായിരുന്നു ഇദ്ദേഹം.

ഒടുവിൽ അല്ലുവിനെ കാണാൻ സാധിക്കുകയും അദ്ദേഹത്തിനൊപ്പം സമയം ചിലവഴിക്കാനും നാഗേശ്വര റാവുവിന് അവസരം ലഭിച്ചു. അല്ലു അർജുന്റെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ആരാധകന് ഹൃദ്യമായ സ്വീകരണമാണ് അല്ലു അർജുൻ നൽകിയത്.

ഒരു വീഡിയോയിലൂടെ യാത്ര ആരംഭിക്കുന്നതായി നാഗേശ്വര റാവു അറിയിച്ചിരുന്നു. ‘ഗംഗോത്രി മുതൽ ഞാൻ ബണ്ണി അണ്ണന്റെ ആരാധകനാണ്. ഇതിന് മുമ്പ് കുറഞ്ഞത് നാലഞ്ചു തവണയെങ്കിലും ഞാൻ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം എന്നെ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയിൽ ഈ പദയാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചത്. സെപ്റ്റംബർ 14 ന് ആരംഭിച്ചു, സെപ്റ്റംബർ 22 നകം ബഞ്ചാര ഹിൽസിലെത്തും’ എന്നായിരുന്നു വീഡിയോയിൽ പറഞ്ഞത്.

അതേസമയം, പുഷ്പ എന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി ഒരുങ്ങുന്നത്. ചിത്രത്തിൽ രശ്‌മികയാണ് നായിക. നവംബറിൽ പുഷ്പയുടെ ചിത്രീകരണം പുനഃരാരംഭിക്കും.

Story highlights- fan of Allu Arjun walked 200 KMs to meeting his favorite actor