“എംബാപ്പെ, ഈ ആഗ്രഹം സാധിച്ചു തരണം..”; ഫ്രഞ്ച് താരത്തിനോട് രസകരമായ അഭ്യർത്ഥനയുമായി ഈജിപ്ഷ്യൻ ആരാധകർ

December 5, 2022

ഇന്നലെ പോളണ്ടിനെതിരെ നടന്ന മത്സരത്തിൽ മികച്ച പ്രകടനമാണ് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ പുറത്തെടുത്തത്. താരത്തിന്റെ ഇരട്ട ഗോളാണ് ടീമിന്റെ വിജയത്തിൽ നിർണായകമായത്. പോളണ്ടിനെതിരെ 74-ാം മിനിറ്റിൽ നേടിയ ഗോളോടെ ഗോൾ വേട്ടയിൽ എംബാപ്പെ 8 ഗോൾ നേടിയ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്തി. രണ്ടാം ഗോൾ കൂടി നേടിയതോടെ റൊണാൾഡോയെ മറികടന്ന് അർജന്റീന നായകൻ മെസ്സിയുടെ 9 ഗോൾ നേട്ടത്തിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് കഴിഞ്ഞു. മെസ്സിയെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് താരത്തിന്റെ നേട്ടം.

ഇപ്പോൾ കിലിയന്‍ എംബാപ്പെയ്‌ക്കൊരു സ്‌നേഹ സന്ദേശവുമായി എത്തിയിരിക്കുകയാണ് ഈജിപ്ഷ്യന്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍. ഇരുവരും എംബാപ്പെയ്ക്ക് വേണ്ടിയെഴുതിയ ഒരു പ്ലക്കാര്‍ഡും കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈജിപ്റ്റിൽ നിന്നുള്ള ഹെയ്ത്തും സാറയുമാണ് ഇവർ. ഫിഫ ലോകകപ്പ് കാണാനെത്തിയ 1,000,000മാത്തെ ആളാണ് ഇവരിലൊരാൾ. അതിനൊരു വിശിഷ്ട സമ്മാനവും അപ്രതീക്ഷിതമായി അവര്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ അത് വരെ സാധാരണക്കാരില്‍ ഒരാളായി മാത്രം ഫുട്‌ബോള്‍ കാണാനെത്തിയ ഹെയ്ത്തും സാറയും വൈറലായി. കഫുവും റൊണാള്‍ഡോയും തങ്ങളുടെ ഒപ്പ് പതിപ്പിച്ച ഒരു ഫുട്‌ബോളാണ് ആ സമ്മാനം.

എന്നാൽ ഇന്നലെ പോളണ്ടിനെതിരായ ഫ്രാന്‍സിന്റെ വിജയത്തിന് പിന്നാലെ ഇരുവരും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയൻ എംബാപ്പെയുടെ വന്‍ ഫാനായി മാറി. തുടര്‍ന്ന് എംബാപ്പെയ്ക്കുള്ള സന്ദേശമടങ്ങിയ ഒരു പ്ലക്കാര്‍ഡുമായി നിന്ന് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കാനും തുടങ്ങി.എംബാപ്പെയുടെ പേരെഴുതിയ ജേഴ്‌സി ധരിച്ച് ഫൈനല്‍ കാണണമെന്നാണ് ഹെയ്തമിന്റെ ഇപ്പോഴത്തെ ആഗ്രഹം.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം പോളണ്ടിനെതിരെയുള്ള പ്രീ-ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയതോടെ അപൂർവ്വ റെക്കോർഡാണ് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ തേടിയെത്തിയിരിക്കുന്നത്. 24 വയസ്സിൽ താഴെ ഫിഫ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന റെക്കോർഡ് ഇനി എംബാപ്പെയ്ക്ക് സ്വന്തം. 60 വർഷം പഴക്കമുള്ള പെലെയുടെ റെക്കോർഡാണ് എംബാപ്പെ തിരുത്തിയത്. 23 കാരനായ ഫ്രഞ്ച് താരത്തിന് ഇതുവരെ ലോകകപ്പിൽ 9 ഗോളുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പെലെ എന്നിവരെ പിന്തള്ളിയാണ് താരത്തിൻ്റെ നേട്ടം.

Story Highlights: Egyptian fans request to Mbappe