മനോഹര നൃത്തവുമായി അക്ഷയ് കുമാറും കിയാരയും; ലക്ഷ്‌മി ബോംബിലെ ‘ബുർജ് ഖലീഫ’ ഗാനം വൈറൽ

ബോളിവുഡ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലക്ഷ്മി ബോംബ്. തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്കിലെ ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുർജ് ഖലീഫ എന്ന ഗാനത്തിൽ അക്ഷയ് കുമാറും കിയാരാ അധ്വാനിയുമാണ് ഡാൻസ് നമ്പരുമായി എത്തുന്നത്. ദുബായിൽ ചിത്രീകരിച്ച ഗാനം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയാണ്.

ഗാനരംഗത്തിലൂടെ പഴയ അക്ഷയ് കുമാർ സിനിമകളെയാണ് ഓർമിപ്പിക്കുന്നത്. മാത്രമല്ല, ഈ ഗാനരംഗം ചിത്രീകരിക്കുന്നതിനായി പാദരക്ഷകൾ ഉപയോഗിക്കാതെ മരുഭൂമിയിൽ നൃത്തം ചെയ്തതിനെക്കുറിച്ച് കിയാര നേരത്തെ തന്നെ പങ്കുവെച്ചിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ലക്ഷ്മി ബോംബിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. രാഘവ ലോറൻസ് സംവിധാനം ചെയ്ത ചിത്രമാണ് ലക്ഷ്മി ബോംബ്. ലക്ഷ്മി എന്ന ട്രാൻസ്‌ജെൻഡറാണ് അക്ഷയ് ചിത്രത്തിൽ അഭിനയിക്കുന്നത്. അതേസമയം, 2019ലെ ഹിറ്റ് ചിത്രമായ ഹാപ്പി ന്യൂസിന് ശേഷം അക്ഷയ് കുമാറും കിയാരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലക്ഷ്മി ബോംബ്.

അതേസമയം, ഓൺലൈൻ റിലീസിന് തയ്യാറെടുക്കുകയാണ് ലക്ഷ്മി ബോംബ്. 125 കോടി രൂപയ്ക്കാണ് ഡിസ്നി ‘ ലക്ഷ്മി ബോംബ്’ സ്വന്തമാക്കിയത്. ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പരമാവധി 70 കോടി വരെയാണ് ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. ‘ ലക്ഷ്മി ബോംബ്’ നേരിട്ട് ഓ ടി ടി റിലീസിന് എത്തുന്നതുകൊണ്ടാണ് റെക്കോർഡ് തുക നിർമാതാക്കൾ ഈടാക്കിയത്. ദീപാവലിക്ക് ഡിസ്‌നി ഹോട്സ്റ്റാറിൽ ലക്ഷ്മി ബോംബ് റിലീസ് ചെയ്യും.

Story highlights- laxmi bomb song