മുത്തയ്യയായി വിജയ് സേതുപതി- ശ്രദ്ധ നേടി ‘800’ മോഷൻ പോസ്റ്റർ

മുത്തയ്യ മുരളീധരനായി വിജയ് സേതുപതി വേഷമിടുന്ന ‘800’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മോഷൻ പോസ്റ്ററാണ് പങ്കുവെച്ചിരിക്കുന്നത്. മുത്തയ്യ മുരളീധരന്റെ ബയോപിക്കാണ് ‘800’. ടെസ്റ്റ് മത്സരങ്ങളിൽ മുരളീധരൻ എടുത്ത റെക്കോർഡ് വിക്കറ്റുകളുടെ എണ്ണത്തെ സൂചിപ്പിച്ചാണ് ചിത്രത്തിന് 800 എന്ന് പേര് നൽകിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് വേഷത്തിലാണ് മോഷൻ പോസ്റ്ററിൽ വിജയ് സേതുപതിയുള്ളത്. മുത്തയ്യ മുരളീധരനുമായി ഫസ്റ്റ് ലുക്കിൽ വളരെയധികം സാമ്യം വിജയ് സേതുപതിയ്ക്കുണ്ടെന്നത് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

എം.എസ്. ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാം സി.എസാണ് സംഗീതം പകരുന്നത്. ആർ.ഡി രാജശേഖറാണ് ഛായാഗ്രാഹകൻ. അടുത്ത വർഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൽ രജീഷ് വിജയനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡാർ പിക്ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.

മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാക്കൾക്കും, മുത്തയ്യ മുരളീധരനും നന്ദി അറിയിക്കുന്നതായും വിജയ് സേതുപതി പറഞ്ഞിരുന്നു. ക്രിക്കറ്റ് തീരെ അറിയാത്ത വിജയ് സേതുപതിക്ക് ഈ വേഷം എങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, അതാണ് ആവശ്യം എന്ന് സംവിധായകൻ പിന്തുണ നൽകിയെന്ന് താരം പറയുന്നു. 

Read More: തട്ടിയാൽ സംഗീതം പൊഴിക്കുന്ന പാറക്കൂട്ടം; 20 കോടി വർഷം പഴക്കമുള്ള കാടിന് നടുവിലെ അത്ഭുതം

അഞ്ച് വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചതിന് ശേഷമാണ് വിജയ് സേതുപതി സിനിമയിൽ മുൻനിരയിലേക്ക് ഉയർന്നത്. കഴിവും പ്രയത്നവും കൊണ്ട് അഭിനയലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വിജയ് സേതുപതിയെ മക്കൾ സെൽവൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഏതുവേഷവും വിജയ്‌യുടെ കയ്യിൽ ഭദ്രമാണ് എന്നതാണ് ഈ നടന്റെ വിജയം. നായകനായും, സഹനടനായും, വില്ലനായുമെല്ലാം വിജയ് സേതുപതി വെള്ളിത്തിരയിൽ സജീവമാണ്. മാസ്റ്റർ എന്ന വിജയ് ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്.

Story highlights- muttiah muraleedaran biopic 800 motion poster