സുഹാസിനിയിലൂടെ ഹാസൻ കുടുംബം ആദ്യമായി സിനിമയിൽ ഒന്നിക്കുന്നു- കൗതുകമൊളിപ്പിച്ച് ‘പുത്തം പുതുകാലൈ’

ആമസോൺ പ്രൈം വീഡിയോ ആദ്യമായി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമാണ്’ പുത്തം പുതുകാലൈ’. അഞ്ചു ഹ്രസ്വചിത്രങ്ങളിലൂടെ പ്രഗത്ഭരായ അഞ്ചു സംവിധായകരാണ് ‘പുത്തം പുതുകാലൈ’യ്ക്കായി ഒന്നിക്കുന്നത്. സുഹാസിനി മണിരത്നം, രാജീവ് മേനോൻ,ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കര എന്നിവരാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പരീക്ഷണ ചിത്രം ഒരുക്കാൻ സംവിധായകർ തീരുമാനിച്ചത്. ലോക്ക് ഡൗൺ കാലത്ത് ബന്ധങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് അഞ്ചു ചിത്രങ്ങളും പങ്കുവയ്ക്കുന്നത്.

സുഹാസിനി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘കോഫി എനിവൺ’. വളരെ കൗതുകകരമായ പ്രത്യേകത സുഹാസിനിയുടെ ചിത്രത്തിനുണ്ട്. കാരണം, ഹാസൻ കുടുംബമാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. സുഹാസിനി സംവിധാനം ചെയ്യുന്നതിനൊപ്പം ഒരു കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ സുഹാസിനിയുടെ അമ്മ കോമളം ഹാസൻ, ശ്രുതി ഹാസൻ, കമൽ ഹാസന്റെയും ചാരു ഹാസന്റെയും സഹോദരന്റെ മകളും നടിയുമായ അനു ഹാസൻ എന്നിവരാണ് ‘കോഫി എനിവണ്ണി’ൽ അഭിനയിക്കുന്നത്.

സുഹാസിനിയുടെ അച്ഛൻ ചാരു ഹാസൻ ഒരു വേഷം അവതരിപ്പിക്കാനിരിക്കെ ആരോഗ്യ പ്രശ്നങ്ങൾ കാരണം പിന്മാറേണ്ടി വന്നു. ഈ വേഷത്തിൽ പ്രസിദ്ധ നാടക നടനായ കതാടി രാമമൂർത്തിയാണ് എത്തുന്നത്. സുഹാസിനിയുടെ തന്നെ ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് ‘കോഫി എനിവൺ’ ഒരുങ്ങുന്നത്. ചെറുകഥയിൽ അമ്മയുടെ അൻപതാം ജന്മദിനം ആഘോഷിക്കാൻ വിദേശത്ത് നിന്നെത്തുന്ന മകനും പിന്നീട് അവർക്കിടയിലുണ്ടാകുന്ന സംഘർഷങ്ങളുമാണ് പറയുന്നത്. സിനിമയിലെത്തിയപ്പോൾ മകന്റെ വേഷം മകളിലേക്ക് മാറ്റിയെഴുതുകയായിരുന്നു.

പ്രതീക്ഷ, പ്രണയം, വിവാഹം, ബന്ധങ്ങൾ ഇവയൊക്കെയാണ് അഞ്ചു ചിത്രങ്ങളുടെയും പ്രമേയം. ശ്രുതി ഹാസൻ, അനു ഹാസൻ, ആൻഡ്രിയ ജെർമിയ, സിഖിൽ ഗുരുചരൺ, ജയറാം, ഉർവശി, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, റിതു വർമ്മ, എം‌എസ് ഭാസ്‌കർ, ബോബി സിംഹ എന്നിവരാണ് അഭിനേതാക്കൾ. ‘ഇളമൈ ഇതോ ഇതോ’ എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്കരയുടെ ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഹാസിനി മണിരത്നം ഒരുക്കുന്ന ചിത്രമാണ് ‘കോഫി എനിവൺ’. ചിത്രത്തിൽ ശ്രുതി ഹാസനും അനു ഹാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഒപ്പം സുഹാസിനിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More: ‘എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാധ്യതയുണ്ട്’- ബട്ടൻസിൽ വിരിഞ്ഞ ഛായാചിത്രം പങ്കുവെച്ച് സത്യൻ അന്തിക്കാട്

‘അവരും നാനും/അവളും നാനും’ എന്ന ഗൗതം മേനോൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് എം എസ് ഭാസ്കറും റിതു വര്‍മ്മയുമാണ്. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റീയൂണിയന്‍’ എന്നാണ്. ആന്‍ഡ്രിയ ജെർമിയ, ലീല സാംസൺ, സിഗിൽ ഗുരുചരൺ എന്നിവരാണ് റീയൂണിയനിൽ മുഖ്യ താരങ്ങളായി എത്തുന്നത്. മിറാക്കിൾ എന്ന് പേരിട്ടിരിക്കുന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ബോബി സിംഹയും മുത്തു കുമാറുമാണ് എത്തുന്നത്.

Story highlights- suhasini about putham puthukalai anthology film