വൈറലായി കലക്‌ടർ ബ്രോയുടെ ‘ഫ്ളക്സ് ചാലഞ്ച്’

June 30, 2018

ലോകം മുഴുവൻ ലോകകപ്പിന്റെ ആവേശത്തിലാണ്, ലോകകപ്പിലെ  ടീമുകളോടുള്ള ആരാധന മുഴുവൻ ഇപ്പോൾ കാണുന്നത് ഫ്ലെക്സുകളുടെ രൂപത്തിലാണ്. എങ്ങു നോക്കിയാലും വിവിധ ടീമുകളുടെ ഫ്ലെക്സുകൾ മാത്രം. അതേസമയം ഫുട്ബോൾ പ്രേമികളോട് ഒരു ചോദ്യവുമായി വന്നിരിക്കുകയാണ് നമ്മുടെ കളക്‌ടർ ബ്രോ പ്രശാന്ത് നായർ. എന്തിനാണ് അനാവശ്യമായി ഫ്ളക്സടിച്ച് ഇത്രയും കാശു കളയുന്നതെന്നാണ് കളക്‌ടർ ബ്രോ ചോദിക്കുന്നത്. ഈ കാശ് മനുഷ്യർക്ക് ഗുണമുള്ള കാര്യത്തിന് ഉപയോഗിച്ച് കൂടെയെന്നും ബ്രോ ചോദിക്കുന്നു.

കോഴിക്കോട്ടെ ഐ പി എം ലെ കിടപ്പുരോഗികൾക്ക് ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വേണ്ടിയുള്ള ചിലവ് നോക്കാനാണ് ഫുട്ബോൾ പ്രേമികളോട് ബ്രോ അപേക്ഷിക്കുന്നത്. ആരാധകരോട് മാത്രമല്ല ഫ്ളെക്സ് നിർമ്മാതാക്കളോടും ഈ സീസണിൽ നല്ല കച്ചവടം കിട്ടിയതിന്റെ ഒരു ഭാഗം നല്ല കാര്യത്തിന് വേണ്ടി ഉപയോഗിക്കാനാണ് ബ്രോ ആവശ്യപ്പെടുന്നത്.

കളക്‌ടറുടെ  ദ ഫ്ലക്സ്‌ ചാലഞ്ച്‌ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…..

ദ ഫ്ലക്സ്‌ ചാലഞ്ച്‌

ലോക കപ്പിൽ നിന്നും ഐശ്വര്യമായി പുറത്തായ ടീംസിന്റെ ഫ്ലക്സുകൾ കോഴിക്കൂടുകൾക്ക്‌ ചാരുതയേകുന്നത്‌ കണ്ടിട്ടെങ്കിലും രണഭൂമിയിൽ ബാക്കിയുള്ള ടീംസിനോട്‌ ‌മനുഷ്യർക്ക്‌ ഗുണമുള്ള ഒരു കാര്യത്തിന്‌ ഒരു ചെറു സംഖ്യ മാറ്റി വെക്കാൻ അപേക്ഷിക്കുന്നു.

കോഴിക്കോട്ടെ IPM ലെ കിടപ്പ്‌ രോഗികളുടെ പരിചരണമാണ്‌ കാര്യം. വലിയൊരു ഫ്ലക്സ്‌ അടിച്ച്‌ വെകുന്നതിന്റെ അത്രയേ വരൂ ഒരു ദിവസത്തെ മരുന്നിനും ഭക്ഷണത്തിനും ഉള്ള ചെലവ്‌. ഇനി ഫ്ലക്സ്‌ അടിച്ചേ പറ്റൂ എന്നാണെങ്കിൽ അത്രേം തന്നെ തുക IPMന്‌ കൊടുക്കാൻ പറ്റുമോ? ഒരു ചെറു ചലഞ്ച്‌. അവിടെ ഫ്ലക്സ്‌ ഇവിടെ പാല്‌കാച്ച്‌. ആ ഒരു മോഡൽ. ഏതായാലും ഫ്ലക്സ്‌ അടിക്കാതെ തന്നെ തുക ഇടുന്നതായി ബ്രോസാമി അരുൾ ചെയ്തതായി അറിയിക്കുന്നു.

PS: ഫ്ളക്സ്‌ നിർമ്മാതാക്കളും നല്ല മനുഷ്യരാണ്‌. ഈ സീസണിൽ നല്ല കച്ചോടം കിട്ടിയതിൽ സന്തോഷിച്ച്‌ ഒരു സംഖ്യ അവർക്കും ഇക്കാര്യത്തിന്‌ നീക്കി വെക്കാവുന്നതാണ്‌. ഒരു നല്ല കാര്യം ചെയ്യാൻ പറ്റീല്ലേ? സന്തോഷിച്ചാട്ടെ! സന്തോഷിച്ചാട്ടെ!

Account Name – Pain and Palliative Care Society
Account No – 4909000100007288
Bank Name – Punjab National Bank
Branch – Kovoor
IFSC Code – PUNB0490900
Swift Code – PUNB IN BB KPK