പാഴാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്കൊണ്ട് വിവാഹ സദ്യയൊരുക്കി നവദമ്പതികൾ…സ്വാദിഷ്ടമായ വിഭവങ്ങൾക്ക് നന്ദി പറഞ്ഞ് അതിഥികൾ…
വിവാഹത്തിന് വ്യത്യസ്തമായ രീതിയിൽ സദ്യ ഒരുക്കി മാതൃകയായിരിക്കുകയാണ് നവദമ്പതികൾ. ചെറീ ഹാരിസും ഭര്‍ത്താവ് ജെയിംസ് മെയ്ന്വെയറിങ്ങുമാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ ദമ്പതികള്‍..സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും സാന്‍ഡ് വിച്ച് ചെയിനുകളില്‍ നിന്നും ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റുകളില് നിന്നുമൊക്കെയായി ബാക്കിവരുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നുമാണ് ഇരുവരുംചേർന്ന് അതിഥികൾക്കായി അസ്സല് വിരുന്ന് സംഘടിപ്പിച്ചത്. ഭക്ഷണം ലഭിക്കാതെ ദിവസവും ഒരുപാട് ആളുകൾ ബുദ്ധിമുട്ടുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ആളുകൾ പാഴാക്കിയ ഭക്ഷണത്തിൽ നിന്നും സദ്യ എന്ന പുതിയ ആശയവുമായി ഇരുവരും എത്തിയത്. ഇരുവരുടെയും ഈ പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം മാത്രമല്ല പുറന്തള്ളപ്പെടുന്ന ഭക്ഷണവും പ്രകൃതിക്കു ദോഷകരമാണെന്നും ദമ്പതികള്‍ പറയുന്നു. പാഴാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ശേഖരിച്ച് ഫലപ്രദമാക്കി ഉപയോഗ യോഗ്യമാക്കി മാറ്റുന്ന ‘ദി റിയല്‍ ജങ്ക് ഫൂഡ് പ്രൊജക്ട്’ എന്ന ചാരിറ്റി സംഘനയുടെ സഹായത്തോടെയാണ് ഇരുവരും ഉപേക്ഷിക്കപ്പെടുന്ന ഭക്ഷണങ്ങള്‍ കൊണ്ടു തന്നെ അതിമനോഹരമായി വിവാഹ വിരുന്ന് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പാഴാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും ഉണ്ടാക്കുന്ന ഈ വിഭവങ്ങൾ ആരോഗ്യത്തിന് ഒരു പ്രശ്നങ്ങളും സൃഷ്ടിക്കുകയില്ലെന്നും ആരോഗ്യ വകുപ്പ് ഉറപ്പുതരുന്നതായും ഇരുവരും അറിയിച്ചു.
വിവിധ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഭക്ഷണ ശാലകളിൽ നിന്നുമായി ഏകദേശം 35 കിലോയോളം പാഴായ ഭക്ഷ്യവസ്തുക്കളില്‍ നിന്ന് ഇരുന്നൂറ്റിയമ്പതുപേര്ക്കാണ് ഇവര്‍ ഭക്ഷണം വിളമ്പിയത്. എന്നാല്‍ വിവാഹത്തിനെത്തിയ അതിഥികളോട് ഇക്കാര്യം പറയുന്നതു പിന്നീടാണ്. ഉപേക്ഷിക്കപ്പെട്ട ഭക്ഷണത്തെയാണ് ഇത്രത്തോളം രുചികരവും മനോഹരമാക്കി മാറ്റിയതെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കും വിശ്വസിക്കാനായില്ല.