പുതിയ ലുക്കിൽ മോഹൻലാൽ; സൂര്യ ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങൾ കാണാം

July 5, 2018

മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി  കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.  പുതിയ ചിത്രത്തിന്റെ ലണ്ടനിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തുന്ന മോഹൻലാൽ  ആണ് ഏറെ ചർച്ച വിഷയമായ കഥാപാത്രം. നീരാളിക്കും ഒടിയനും ശേഷം മോഹൻലാൽ വീണ്ടും സോൾട്ട്  ആൻഡ് പെപ്പർ ലുക്കിലെത്തുന്നതാണ് ആരാധകരെ ഏറെ അത്ഭുതപ്പെടുത്തുന്നത്.

മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്നു  ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നത്. മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാലകൃഷ്‌ണനാണ്.  ജില്ല എന്ന സിനിമയിൽ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ മികച്ച പ്രതികരണമാണ് തമിഴകം ലാലേട്ടന് നൽകിയത്. സൂര്യയുടെ സിനിമ ജീവിതത്തിൽ മികച്ച ചിത്രങ്ങൾ സമ്മാനിച്ച കെ വി ആനന്ദും സൂര്യയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മുൻനിര താരങ്ങൾക്കൊപ്പം അല്ലു സിരീഷും ആര്യയും ചിത്രത്തിൽ പ്രധാനവേഷമിടുന്നുണ്ട്. ചിത്രം വൻ ഹിറ്റാകുമെന്നുള്ള പ്രതീക്ഷയിലാണ് സിനിമാലോകം.