സാംസ്കാരിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ‘അമ്മ പ്രസിഡന്റ് മോഹൻലാൽ…

July 12, 2018

സിനിമ- സാംസ്കാരിക മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തി താര സംഘടന അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മലയാള ചലച്ചിത്ര മേഖലയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനായി പിണറായി സർക്കാർ കൂടെയുണ്ടാവുമെന്നും സാംസ്‌കാരിക മന്ത്രി വാക്കുനല്കി.

മാധ്യമങ്ങളും  അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കണം. മലയാള സിനിമ മേഖലയ്‌ക്കെതിരെ ഉണ്ടായ പ്രചാരണങ്ങളെയെല്ലാം ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി അറിയിച്ചു. മന്ത്രി ഒരു പുസ്തകവും സിനിമാ മൊമന്റോയും സ്‌നേഹോപഹാരമായി താരത്തിന് നൽകി. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം പങ്കുവെച്ചത്.

മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്..

സിനിമ – സാംസ്കാരിക മന്ത്രി ശ്രീ എ കെ ബാലനുമായി വിശദമായ കൂടികാഴ്ച നടത്തി. തിരുവനന്തപുരത്തെ ഔദ്യോഗീക വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച്ച. മലയാള ചലച്ചിത്ര മേഖലയിലെ സമസ്ത പ്രശ്നങ്ങൾക്കും സമഗ്ര പരിഹാരമാണ് പിണറായി സർക്കാർ ലക്ഷ്യമിടുന്നത് എന്നു മന്ത്രി വിശദീകരിച്ചു. അത്തരം നല്ല പദ്ധതികൾക്കു പൂർണ പിന്തുണ അറിയിച്ചു. അക്രമത്തിനിരയാ നടിക്കൊപ്പം ആണ് ഞാൻ എന്നും അമ്മയും അങ്ങനെ ആയിരിക്കുമെന്ന് ചർച്ചക്കിടയിൽ പറഞ്ഞു. മാധ്യമങ്ങളും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതാണ്. മലയാള സിനിമ മേഖലക്കെതിരെ നടന്ന പ്രചാരണങ്ങളെ നാമെല്ലാം ഒറ്റകെട്ടായി നേരിടണം. പ്രശങ്ങൾ തീരണം, മഞ്ഞുരുകണം. നല്ല മാറ്റം ഉണ്ടാകണം. കേരളം ഒറ്റ മനസോടെ മലയാള സിനിമയുടെ വികസനത്തിനും വിജയത്തിനും പ്രയത്നിക്കണം. ചിത്രാഞ്ജലി സ്റ്റുഡിയോ കോപ്ലസ് ഉൾപ്പടെ സിനിമ മേഖലക്ക് വേണ്ടി വലിയ പദ്ദതികളാണ് സർക്കാർ തയാറാക്കിയത്. അതിൽ അമ്മയുടെ പൂർണ പിന്തുണ ഞാൻ വാഗ്ദാനം ചെയ്തു. മന്ത്രി ഒരു പുസ്തകവും സിനിമാ മൊമന്റോയും സ്‌നേഹോപഹാരമായി തന്നു. സിനിമ മേഖലയിലെ പ്രശ്നങ്ങൾ എല്ലാം ശരിയാകും എന്ന ഉറച്ച പ്രതീക്ഷയോടെ വീണ്ടും കാണാമെന്നു പറഞ്ഞു മടങ്ങി.