മജ്ജ മാറ്റിവെച്ച് ജീവൻ രക്ഷിച്ച ഹൈദന്റെ കല്യാണത്തിന് ഫ്ലവർ ഗേളായി അവളെത്തി….

July 4, 2018

മജ്ജ മാറ്റിവെച്ച് തന്റെ ജീവൻ രക്ഷിച്ച ഹൈദന്റെ കല്യാണത്തിന് അവളെത്തി. സ്‌കൈ സാവൻ  എന്ന മൂന്ന് വയസുകാരി  ബാലിക…

രണ്ട് വർഷം മുമ്പാണ് കുഞ്ഞുങ്ങളിൽ മാത്രം കണ്ടുവരുന്ന ക്യാൻസർ രോഗം സ്‌കൈയെ  തേടിയെത്തിയത്. മജ്ജ മാറ്റിവയ്ക്കുക മാത്രമായിരുന്നു ആ കുരുന്നു ജീവൻ നിലനിർത്താൻ ചെയ്യാൻ പറ്റുക. യോജിച്ച മജ്ജക്കായുള്ള തിരച്ചിൽ സ്‌കൈയുടെ പ്രിയപ്പെട്ടവരും ആശുപത്രി അധികൃതരും തുടർന്നുകൊണ്ടേയിരുന്നു.  ഒടുവിൽ മജ്ജ മാറ്റിവയ്ക്കാൻ തയ്യാറായവരുടെ പട്ടികയിൽ നിന്നാണ് ഹൈദനെ സ്‌കൈയുടെ മാതാപിതാക്കൾ കണ്ടെത്തിയത്.

കോളേജിൽ പഠിക്കുന്ന കാലത്താണ് മജ്ജ ദാനം ചെയ്യാനുള്ള സമ്മതപത്രം ഹൈദൻ ഒപ്പിട്ടത്. പിന്നീട്  ഒരു വർഷത്തിന് ശേഷമാണ്  ഹൈദനെ തേടി സ്‌കൈയുടെ മാതാപിതാക്കൾ എത്തുന്നത്. തന്റെ കുഞ്ഞിന് വേണ്ടി മജ്ജ മാറ്റിവയ്ക്കാൻ സമ്മതമാണോയെന്ന് ചോദിച്ച ഹൈദൻ മറ്റൊന്നും ആലോചിക്കാതെ സമ്മതിക്കുകയായിരുന്നു. അങ്ങനെ ഹൈദന്റെ കാരുണ്യത്തിൽ സ്‌കൈയുടെ ജീവൻ രക്ഷപെട്ടു.

പിന്നീട് ഹൈദന്റെ കല്യാണത്തിന് ഫ്ലവർ ഗേളായി നില്ക്കാൻ ഹൈദൻ സ്‌കൈയെ വിളിക്കുകയായിരുന്നു. എന്നാൽ ആ സമയവും സ്‌കൈ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. കാലിഫോർണിയയിൽ നിന്ന് അലബാമ വരെ സ്കൈയ്ക്ക്  യാത്രചെയ്യാൻ സാധിക്കുമോയെന്നും സംശയമായിരുന്നു. എന്നാൽ തന്റെ ജീവൻ രക്ഷിച്ച ഹൈദന്റെ  ജീവിതത്തിലെ പ്രധാനപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ മാതാപിതാക്കളുടെ കൈയും പിടിച്ച് സ്‌കൈ എത്തുകയ്യായിരുന്നു.