ചരിത്രവിജയത്തിലേക്ക് ‘അബ്രഹാമിന്റെ സന്തതികള്‍’; പൂര്‍ത്തിയാക്കിയത് 22,000 ഷോകള്‍

August 30, 2018

ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് കേരളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ‘അബ്രഹാമിന്റെ സന്തതികള്‍’. അന്താരാഷ്ട്രതലത്തില്‍ ചിത്രം ഇതിനോടകം പൂര്‍ത്തിയാക്കിയത് 22,000 ഷോകളാണ്. കേരളത്തിലെ തീയറ്ററുകളില്‍ മാത്രമായി 16950 ഷോകളും പൂര്‍ത്തിയാക്കി. അടുത്തകാലത്തായി പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ച മമ്മൂട്ടി ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’.

എഴുപത്തിയഞ്ചാം ദിനത്തിലെത്തിയ സിനിമ ഇപ്പോഴും പല തീയറ്ററുകളിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ചിത്രം ‘പുലിമുരുകനു’ തൊട്ടുപിന്നാലാണ് ‘അബ്രഹാമിന്റെ സന്തതികളു’ടെ ഇപ്പോഴത്തെ സ്ഥാനം. സംവിധായക രംഗത്ത് പുതുമുഖമായ ഷാജി പാടൂറിന്റെ ആദ്യചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. ‘ഗ്രേറ്റ് ഫാദറി’ന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികളുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

വെള്ളിത്തിരയില്‍ എന്നും മമ്മൂട്ടിയുടെ പോലീസ് വേഷങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അബ്രഹാമിന്റെ സന്തതികളിലും ഇക്കാര്യത്തില്‍ പാളിച്ച ഉണ്ടായിട്ടില്ല. ഡെറിക് എന്ന പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടിയെ പ്രേക്ഷകഹൃദയങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയിലെ നടന് മുന്‍ഗണന നല്‍കിയ ചിത്രം തന്നെയാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് സ്വന്തം അനിയന്‍ പ്രതിയാകുന്ന ഒരു കേസ് എത്തുന്നു. തുടര്‍ന്ന് ഡെറിക് എന്ന പോലീസുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളും അതിജീവനവുമൊക്കെയാണ് അബ്രാഹാമിന്റെ സന്തതികളിലെ മുഖ്യ പ്രമേയം.

കഥ പറച്ചിലില്‍ അത്ര പുതുമയില്ലെങ്കിലും ചില കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ സ്വഭാവരീതിയുമൊക്കെ പുതിയകാലത്തിന്റെ ചിത്രം എന്ന തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മഹേഷ് നാരായണന്റെ എഡിറ്റിങും ആല്‍ബിയുടെ ഛായാഗ്രഹണവുമെല്ലാം സിനിമയുടെ ദൃശ്യഭാഷയെ മനോഹരമാക്കുന്നതില്‍ അങ്ങേയറ്റം സഹായിക്കുന്നുണ്ട്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുന്ന ഈ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ചരിത്രവിജയത്തിലേക്ക് തന്നെയാണ് കുതിക്കുന്നത്.