നൂറ് ദിനം പിന്നിട്ട് ‘അബ്രഹാമിന്റെ സന്തതികള്‍’; വിജയം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍: വീഡിയോ

September 24, 2018

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ ‘അബ്രഹാമിന്റെ സന്തതികള്‍’ നൂറ് ദിവസം പിന്നിട്ടു. മൂന്ന് തീയറ്ററുകളിലാണ് ഈ ചിത്രങ്ങള്‍ നൂറ് ദിനങ്ങള്‍ തികച്ചത്. ചിത്രത്തിന്റെ വിജയം അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചു. നൂറാം ദിനം ആഘോഷിച്ചതിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘അബ്രഹാമിന്റെ സന്തതികള്‍’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേല്‍’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം. 15 തീയറ്ററുകളില്‍ അബ്രഹാമിന്റെ സന്തതികള്‍ 80 ദിവസം പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ 18000 ഷോകള്‍ ചിത്രം ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സംവിധായക രംഗത്ത് പുതുമുഖമായ ഷാജി പാടൂറിന്റെ ആദ്യചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’.
വെള്ളിത്തിരയില്‍ എന്നും മമ്മൂട്ടിയുടെ പോലീസ് വേഷങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അബ്രഹാമിന്റെ സന്തതികളിലും ഇക്കാര്യത്തില്‍ പാളിച്ച ഉണ്ടായിട്ടില്ല. ഡെറിക് എന്ന പോലീസ് വേഷത്തിലെത്തിയ മമ്മൂട്ടിയെ പ്രേക്ഷകഹൃദയങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയിലെ നടന് മുന്‍ഗണന നല്‍കിയ ചിത്രം തന്നെയാണ്
‘അബ്രഹാമിന്റെ സന്തതികള്‍’.

ആദര്‍ശത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുന്നിലേക്ക് സ്വന്തം അനിയന്‍ പ്രതിയാകുന്ന ഒരു കേസ് എത്തുന്നു. തുടര്‍ന്ന് ഡെറിക് എന്ന പോലീസുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും പ്രതിസന്ധികളും അതിജീവനവുമൊക്കെയാണ് അബ്രാഹാമിന്റെ സന്തതികളിലെ മുഖ്യ പ്രമേയം. കഥ പറച്ചിലില്‍ അത്ര പുതുമയില്ലെങ്കിലും ചില കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുടെ സ്വഭാവരീതിയുമൊക്കെ പുതിയകാലത്തിന്റെ ചിത്രം എന്ന തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കുന്നുണ്ട്.

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും മഹേഷ് നാരായണന്റെ എഡിറ്റിങും ആല്‍ബിയുടെ ഛായാഗ്രഹണവുമെല്ലാം സിനിമയുടെ ദൃശ്യഭാഷയെ മനോഹരമാക്കുന്നതില്‍ അങ്ങേയറ്റം സഹായിക്കുന്നുണ്ട്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുന്ന ഈ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ചരിത്രവിജയത്തിലേക്ക് തന്നെയാണ് കുതിക്കുന്നത്.