തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങി ‘ബിഗ് ബി’

August 31, 2018

ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്‍. ബോളിവുഡ് മെഗാസ്റ്റാര്‍ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ്. എസ്.ജെ സൂര്യയ്‌ക്കൊപ്പം ‘ഉയര്‍ന്ത മനിതന്‍’എന്ന ചിത്രത്തിലൂടെയാണ്  ബിഗ് ബിയുടെ തമിഴിലേക്കുള്ള പ്രവേശനം. താ തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം. ഉയര്‍ന്ന മനിതന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് റിലീസ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോ എസ്.ജെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഉയര്‍ന്ത മനിതന്‍ ഹിന്ദിയിലും നിര്‍മ്മിക്കാനാണ് തീരുമാനം.

വിത്യസ്തവും മനോഹരവുമായ ഒരു കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഉയര്‍ന്ത മനിതന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഉയരമുള്ള മനുഷ്യന്‍ എന്നാണ്. ഒരു മനുഷ്യന്റെ മഹത്വത്തേയും ഈ വാക്ക് സൂചിപ്പിക്കുന്നുണ്ട്. ചിത്രം ഹിന്ദിയില്‍ നിര്‍മ്മിക്കുമ്പോള്‍ എസ്.ജെ സൂര്യയുടെ ആദ്യ ഹിന്ദി ചിത്രമാകും ഇത്. ഹിന്ദിയിലെ തന്റെ ആദ്യ സിനിമ തന്നെ അമിതാഭ് ബച്ചനോടൊപ്പമാകുന്നതിന്റെ സന്തോഷവും എസ്.ജെ സൂര്യ പ്രകടിപ്പിച്ചു.

ബിഗ് ബിയുടെ നാല്‍പത് ദിവസങ്ങള്‍ വേണ്ടിവരും ഈ ചിത്രത്തിന് എന്നാണ് സംവിധായകന്‍ താ തമിള്‍ വണ്ണന്‍ വ്യക്തമാക്കിയത്. തന്റെ സുഹൃത്തായ അമിതാഭ് ബച്ചന്റെ തമിഴിലേക്കുള്ള വരവ് തമിഴ് സിനിമാ ലോകത്തിനു മുഴുവന്‍ അഭിമാനമാണെന്നു രജനീകാന്ത് പറഞ്ഞു. ബിഗ്ബി തമിഴ്‌സിനിമയില്‍ നായകനായി എത്തുന്നത് ആദ്യമാണെങ്കിലും തമിഴ് സിനിമയുടെ പിന്നണിയില്‍ ഇതിനുമുമ്പും പ്രവര്‍ത്തിച്ചിട്ടുണ്ട്. അജിത്തും വിക്രവും പ്രധാന കഥാപാത്രങ്ങളിലെത്തിയ ഉല്ലാസം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്നു അമിതാഭ് ബച്ചന്‍.