ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ…

August 3, 2018

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ. സെമി ഫൈനൽ ലക്ഷ്യമിട്ട്  താരങ്ങളായ സൈന നെഹ്‌വാളും പി വി സിന്ധുവും സായ് പ്രണീതും ഇന്നിറങ്ങും. അതേസമയം ഇന്ത്യയുടെ കെ ശ്രീകാന്ത് പുറത്തായി. നാലാം സീഡ് തായ്‌ലാന്‍ഡിന്റെ ഇന്റനോണ്‍ റാച്ചനോക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന കഴിഞ്ഞ ദിവസം  തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 21-19. തുടര്‍ച്ചയായ എട്ട് ലോക ചാംപ്യന്‍ഷിപ്പുകളില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ വനിതാ താരമാണ് സൈന. ലോക റാങ്കിംഗിൽ പത്താം സ്ഥാനത്താണിപ്പോൾ സൈന. ലോക ഏഴാം നമ്പർ താരമായ കരോളിന മാരിനാണ് ക്വാർട്ടർ ഫൈനലിൽ സൈനയുടെ എതിരാളി. ഇരുവരും ഇതുവരെ ഒൻപത് തവണ ഏറ്റുമുട്ടിയിട്ടുണ്ട്.

ദക്ഷിണകൊറിയയുടെ സങ് ജി ഹ്യൂനെയാണ് സിന്ധു കഴിഞ്ഞ മത്സരത്തിൽ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-10, 21-18. ലോക മൂന്നാം നമ്പർ താരമായ സിന്ധുവിന് ജപ്പാന്‍റെ നൊസോമി ഒകുഹാരയാണ് എതിരാളി. ഇരുവരും നേർക്കുനേർ വരുന്ന പന്ത്രണ്ടാമത്തെ മത്സരമാണിത്. ഒകുഹാര ആറിലും സിന്ധു അഞ്ചിലും ജയിച്ചിട്ടുണ്ട്.

ഡാനിഷ് താരം ഹാന്‍സ് ക്രിസ്റ്റ്യനെയാണ്  സായ് പ്രണീത് മറികടന്നത്. പുരുഷ ക്വാർട്ടർ ഫൈനലിൽ സായ് പ്രണീത് ജപ്പാന്‍റെ കെന്‍റോ മൊമാട്ടയെ നേരിടും. അതേസമയം പുരുഷ സിംഗിള്‍സിലെ  കെ ശ്രീകാന്ത് മലേഷ്യന്‍ താരത്തോട് തോറ്റ് പുറത്തായി. ലോക ആറാം നമ്പറായ ശ്രീകാന്തിനെ 39-ആം റാങ്കിലുള്ള മലേഷ്യയുടെ ഡാരന്‍ ലിയുവാണ് നേരിട്ടുള്ള ഗെയിമുകളില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 18-21, 18-21. മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സാത്വിക് സായ്‌രാജ് സഖ്യവും ക്വാര്‍ട്ടറിലെത്തി.