മനോഹരം ഈ ‘മഴൈകുരുവി’ ഗാനം; വീഡിയോ കാണാം

September 17, 2018

‘ചെക്കാ ചിവന്ത വാനം’ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രെമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചെക്ക ചിവന്ത വാനം’. ചിത്രത്തിലെ ‘മഴൈകുരുവി…’ എന്ന തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നത്. എ.ആര്‍ റഹ്മാനാണ് ഈ അതിമനോഹരഗാനം ആലപിച്ചിരിക്കുന്നത്. റഹ്മാന്‍ തന്നെയാണ് സംഗീതവും. വൈരമുത്തുവിന്റേതാണ് വരികള്‍.

തമിഴിലെ പ്രമുഖ താരനിരകളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. പുറത്തുവിട്ട പുതിയ ഗാനത്തിലുടനീളം പ്രണയാര്‍ദ്രഭാവങ്ങള്‍ തന്നെയാണ്. ഗാനത്തിലെ അരവിന്ദ് സ്വാമിയുടെ മനോഹരമായ പ്രണയഭാവം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിരത്‌നം, എ.ആര്‍ റഹ്മാന്‍, വൈരമുത്തു കൂട്ടുകെട്ടില്‍ പുതിയ ഗാനം പിറവിയെടുക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ഗാനത്തിനു ലഭിക്കുന്നുണ്ട്. ഗാനം പോലെ ചിത്രവും അതിമനോഹരമായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.