തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ‘ഫ്രീക്ക് പെണ്ണേ…’; അഡാറ് ലൗവിലെ പുതിയ ഗാനം കാണാം

September 20, 2018

ഏറെ നാളുകള്‍ക്ക് ശേഷം ‘അഡാറ് ലൗ’വിലെ പുതിയ ഗാനവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യൂട്യൂബില്‍ റിലീസായ ഗാനത്തിന് വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒമര്‍ ലുലുവാണ് അഡാറ് ലൗ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി…’ എന്നു തുടങ്ങുന്ന ഗാനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫ്രീക്ക് പെണ്ണേ എന്നനു തുടങ്ങുന്ന പുതിയ ഗാനത്തിന്റെ വരികള്‍ സത്യ ജിത്തിന്റേതാണ്. ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സത്യജിത്ത്, നീതു നടവത്തേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

ഹാസ്യവും പ്രണയവുമാണ് അഡാറ് ലൗ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഒരു കൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലൗ നിര്‍മ്മിക്കുന്നത്. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.