ബിഗ് ബി ആകാനൊരുങ്ങി തമിഴകത്തിന്റെ തല അജിത്
തമിഴകത്തിന്റെ പ്രിയപ്പെട്ട തല ഇനി ബിഗ്ബിയുടെ വേഷത്തിൽ. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രം പിങ്കിന്റെ തമിഴ് റീമേക്കില്‍ അജിത് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്ത. അമിതാഭ് ബച്ചനും തപ്സിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പിങ്ക്. അമിതാഭ് ബച്ചൻ പിങ്കിൽ അവതരിപ്പിച്ച കഥാപാത്രത്തെ അജിത് തമിഴില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. എച്ച് വിനോദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
സതുരംഗ വേട്ടൈ, തീരൻ അധിഗാരം ഒന്ട്രു എന്നീ സിനിമകള്‍ ഒരുക്കി ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോദ്. അജിത്തിന്റെ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ യുവൻ ശങ്കര്‍ രാജയാണ് പുതിയ ചിത്രത്തിന്റെയും സംഗീത സംവിധായകൻ. അജിത്തിന് പുറമെ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നവരെക്കുറിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
അതേസമയം തലയുടേതായി ഇനി പുറത്തിറങ്ങാനുള്ള തമിഴ് ചിത്രം വിശ്വാസമാണ്. വിശ്വാസത്തില്‍ അജിത്തിന്റെ നായിക നയൻതാരയാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം അവസാനഘട്ട ഒരുക്കങ്ങളിലാണ്. അതേസമയം അജിത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചയാകുകയാണ്.
ഇന്ത്യന്‍ സിനിമയില്‍ പകരം വയ്ക്കാനാവാത്ത മഹാനടനാണ് സിനിമാ ലോകം ‘ബിഗ് ബി’ എന്നു വിശേഷിപ്പിക്കുന്ന അമിതാഭ് ബച്ചന്. ബോളിവുഡ് മെഗാസ്റ്റാര്‍ ഇപ്പോള്‍ തമിഴിലും അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ്. എസ്.ജെ സൂര്യയ്ക്കൊപ്പം ‘ഉയര്‍ന്ത മനിതന്’എന്ന ചിത്രത്തിലൂടെയാണ് ബിഗ് ബിയുടെ തമിഴിലേക്കുള്ള പ്രവേശനം. താ തമിള്‍ വണ്ണനാണ് ചിത്രത്തിന്റെ സംവിധാനം.