കിടിലന്‍ ലുക്കില്‍ സുഡാനിയിലെ ഉമ്മമാര്‍; ‘ഡാകിനി’യുടെ ട്രെയിലര്‍

September 24, 2018

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ ഉമ്മമാര്‍ വിത്യസ്ത ഗെറ്റപ്പില്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘ഡാകിനി’ എന്ന സിനിമയിലാണ് തികച്ചും വിത്യസ്തമായ വേഷത്തില്‍ ഈ ഉമ്മമാര്‍ എത്തുന്നത്. ‘ഡാകിനി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

നര്‍മ്മത്തില്‍ കലര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ‘പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാന്‍ ഡാകിനി എത്തുന്നു’ എന്ന കുറിപ്പും ട്രെയിലറിനൊപ്പം ചേര്‍ത്തിരുന്നു. രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും.

സുഡാനി ഫ്രം നൈജീരിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ ഡാകിനിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സേതു ലക്ഷ്മി, പോളി വത്സന്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, അലന്‍സിയാര്‍, ഇന്ദ്രന്‍സ്, രഞ്ജിത്ത് എന്നിവരും ഡാകിനിയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് മിക്ക കഥാപാത്രങ്ങളും ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ഫഹദ് ഫാസിലും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.