ലൊക്കേഷന്‍ കാഴ്ചകളുമായി നാഗാര്‍ജുന നായകനായെത്തുന്ന ‘ദേവദാസി’ലെ ഗാനം

September 21, 2018

തെലുങ്കിലെ നിത്യഹരിത നായകന്‍ നാഗാര്‍ജുന നായകനായെത്തുന്ന ‘ദേവദാസ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തു വിട്ടു. ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകളും ഗാനത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഹേയ് ബാബു…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

കാര്‍ത്തിക്കും രമ്യ ബെഹ്‌റയും ചേര്‍ന്നാണ് ഈ ഗാനത്തിന്റെ ആലാപനം. രാമജോ ഗയ്യ ശാസ്ത്രികളുടേതാണ് വരികള്‍. മണി ശര്‍മ്മയാണ് സംഗീതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മണി ശര്‍മ്മ ഈണം പകരുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഗാനത്തെ വരവേറ്റത്.

ശ്രീറാം ആദിത്യയാണു ദേവദാസിന്റെ സംവിധാനം. നാനി, രഷ്മിക മന്ദാന, ആകാംഷ സിങ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രണയമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. നേരത്തെ പുറത്തിറങ്ങിയ ദേവദാസിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു.