‘ ഇനി രാവേ തിരയാതെ…’ രണത്തിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍
പൃത്വിരാജ് നായകനായെത്തിയ ‘രണം’ തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്നു. നിര്‍മ്മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് രണം. പശ്ചാത്തലസംഗീതംകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ ചിത്രം. രണത്തിലെ ‘ഇനി രാവേ തിരയാതെ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ദൃശ്യാവിഷ്കരണത്തിലെ ഭംഗികൊണ്ടും സംഗീതത്തിലെ മനോഹാരിത കൊണ്ടും ഏറെ മികച്ചു നില്‍ക്കുന്നുണ്ട് ഈ ഗാനം. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം 25000-ത്തിലധികം പേരാണ് കണ്ടത്.
വിധു പ്രതാപാണ് ഇനി രാവേ തിരയാതെ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജോ പേളിന്റേതാണ് വരികള്‍. ഇഷാ തല്‍വാറാണ് ചിത്രത്തില്‍ പൃത്വിരാജിന്റെ നായികയായി വേഷമിടുന്നത്. മലയാള സിനിമാ ലോകം കണ്ടു തഴമ്പിച്ച ക്രൈം ത്രില്ലറുകളില്‍ നിന്നും ഏറെ വിത്യസ്തമാണ് ‘രണം’. ഒരു തരം വൈകാരികത ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് ഈ ചിത്രത്തില്‍. രണ്ട് സംസ്കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ നേര്‍സാക്ഷ്യം രണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
കഥ നടക്കുന്നത് അമേരിക്കന്‍ നഗരമായ ഡിട്രോയിറ്റിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു വാണിജ്യ നഗരമായിരുന്നു ഡിട്രോയിറ്റ് സിറ്റി. എന്നാല്‍ ആഭ്യന്തര കലാപങ്ങള്‍ കൊടുംപിരി കൊണ്ടപ്പോള്‍ ഡെട്രോയ്റ്റ് സിറ്റി ഒറ്റപ്പെട്ടു. തുടര്‍ന്ന് അവിടെ നടന്നത് അധോലോക സംഘങ്ങളുടെയും മയക്കമരുന്നു മാഫിയകളുടെയും ഉയര്ത്തെഴുന്നേല്പായിരുന്നു. ഈ ഒരു പ്ലോട്ടില്‍ നിന്നാണ് രണത്തിന്റെ സഞ്ചാരവും. ഒരു വശത്ത് ഗ്യാങ്ങുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുമ്പോള്‍ മറുവശത്ത് അതിജീവനത്തിനായി രണ്ട് അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അമേരിക്കന്‍ മലയാളിയുടെ കഥയും രണം പറയുന്നുണ്ട്.
മലയാളികള്‍ കണ്ടുശീലിച്ച പതിവു ശൈലിയുള്ള അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന ചിത്രത്തില്‍ നിന്നും ഏറെ അകലം പാലിക്കുന്നുണ്ട് രണം. നിര്‍മ്മല്‍ സഹദേവന്റെ ആദ്യചിത്രമെന്ന നിലയില്‍ വളരെ മികവ് പുലര്‍ത്തുന്നുണ്ട് ഈ സിനിമ. പൃത്വിരാജിന്റെ അഭിനയം തന്നെയാണ് സിനിമയുടെ മുഖ്യ ശക്തി. നിര്‍മ്മല്‍ സഹദേവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. തിരക്കഥയിലെ മികവും സംവിധാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
ചിത്രത്തില്‍ എടുത്തുപറയേണ്ട ഒന്ന് പശ്ചാത്തല സംഗീതം തന്നെയാണ്. കഥയുടെ ഗതിക്കനുസരിച്ച് പശ്ചാത്തലസംഗീതം മെനഞ്ഞെടുത്തിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിനു പുറമെ സിനിമയുടെ ഛായാഗ്രഹണവും നല്ലതുതന്നെ. ഒരു ഹോളിവുഡ് സിനിമയേ ഓര്മ്മപ്പെടുത്തന്ന തരത്തില്‍ സാങ്കേതികവിദ്യയിലും രണം മുന്നിട്ടുനില്‍ക്കുന്നു. ദൃശ്യവിസ്മയത്തിലെയും പ്രമേയത്തിലെയും വിത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് രണം നല്ലൊരു വിരുന്ന് തന്നെയാണ്.