ക്യാച്ചില്‍ ചരിത്രം കുറിച്ച് ലോകേഷ് രാഹുല്‍; ലോക റെക്കോര്‍ഡ് ഇനി കൈയെത്തും ദൂരത്ത്

September 9, 2018

ക്യാച്ചില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ലോകേഷ് രാഹുല്‍. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലാണ് 13 വഷങ്ങള്‍ക്കു മുമ്പ് രാഹുല്‍ ദ്രാവിഡ് സ്ഥാപിച്ച ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പം ലോകേഷ് രാഹുലുമെത്തിയത്. സ്റ്റുവാര്‍ട്ട് ബ്രോഡിനെ പുറത്താക്കന്‍ പരമ്പരയിലെ 13-ാം ക്യാച്ച് സ്വന്തമാക്കിയപ്പോള്‍ രാഹുലിനെത്തേടി പുതിയ നേട്ടമെത്തി.

2004-2005 വര്‍ഷത്തില്‍ ഓസിസ് പര്യടനത്തിലാണ് രാഹുല്‍ ദ്രാവിഡ് 13 ക്യാച്ചുകളുമായി റെക്കോര്‍ഡിട്ടത്. നാലു ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയായിരുന്നു അത്. എന്നാല്‍ അഞ്ചാമെത്തെ ടെസ്റ്റിലാണ് ലോകേഷ് രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡിനൊപ്പമെത്തുന്നത്. മറ്റു രാജ്യങ്ങളിലെ ചില താരങ്ങളും ഒരു പരമ്പരയില്‍ തന്നെ 13 ക്യാച്ചുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയാന്‍ ലാറ, ഓസ്‌ട്രേലിയയുടെ ബോബ് സിംപ്‌സണ്‍ എന്നിവര്‍ക്കാണ് ഈ നേട്ടം ലഭിച്ചിട്ടുള്ളത്.

ഓസ്‌ട്രേലിയിന്‍ ക്രിക്കറ്റ് താരം ജാക്ക് ഗ്രിഗറിയുടെ പേരിലാണ് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ ലോക റെക്കോര്‍ഡുള്ളത്. 15 ക്യാച്ചുകളിലൂടെ അദ്ദേഹം റെക്കോര്‍ഡിട്ടു. 1920-21 ലെ ആഷസ് പരമ്പരയിലായിരുന്നു ആ ചരിത്രനേട്ടം. ഒരു പരമ്പരയില്‍ 14 ക്യാച്ചുകള്‍ സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ താരം ഗ്രെഗ് ചാപ്പല്‍ രണ്ടാമതുമുണ്ട്. പരമ്പരയിലെ ക്യാച്ചിങില്‍ ലോക റെക്കോര്‍ഡ് തന്നെ ലോകേഷ് രാഹുല്‍ സ്വന്തം പേരിലാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇംഗ്ലണ്ടിന് ഒരു ഇന്നിങ്‌സ് കൂടി ബാക്കിയുള്ളതിനാല്‍ സ്വന്തം പേരില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള അവസരം ലോകേഷ് രാഹുലിനുണ്ട്.