കള്ളന് ശേഷം മാലാഖയായി നിവിൻ; കാത്തിരുന്ന് ആരാധകർ..

September 3, 2018

ഹനീഫ് അദേനി  സംവിധായക വേഷത്തിലെത്തുന്ന പുതിയ നിവിൻ പോളി ചിത്രം ‘മിഖായേലിന്റെ ചിത്രീകരണം ആരംഭിച്ചു.. 2017 ലെ ഏറ്റവും വലിയ ചിത്രം ‘ദി ഗ്രേറ്റ് ഫാദറി’ന് ശേഷം  ഹനീഫ്  അദേനി സംവിധായക വേഷത്തിൽ എത്തുന്ന ചിത്രം ഏറെ അത്ഭുതത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 2018 ലെ ഏറ്റവും വലിയ വിജയമായ ‘അബ്രഹാമിന്റെ സന്തതികളു’ടെ തിരക്കഥാകൃത്തും ഹനീഫ് ആയിരിന്നു. മിഖായേലില്‍ നിവിന്‍ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്ന മിഖായേൽ. സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുക എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം ആന്‍റോ ജോസഫ് ആണ് നിർമ്മിക്കുന്നത്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍ എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിൽ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും പ്രാധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കും. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.