ഇത് ഫഹദിനു വേണ്ടി നസ്രിയ പാടിയത്; ‘വരത്തനി’ലെ വീഡിയോ ഗാനം കാണാം

September 13, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വരത്തനിലെ വീഡിയോ സോംഗ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നീ… എന്നുതുടങ്ങുന്ന ഗാനം ശ്രീനാഥ് ഭാസിയും നസ്രിയ നസീമും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ആലാപന മികവുകൊണ്ടുതന്നെ പ്രേക്ഷകര്‍ ഗാനം ഏറ്റെടുത്തു. ഒരു പരസ്യചിത്രമെന്നു തോന്നുംവിധമാണ് വീഡിയോ ഗാനം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. സുശീന്‍ ശ്യാമാണ് സംഗീതം.

‘ഇയ്യോബിന്റെ പുസ്തക’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ‘വരത്തന്‍’. ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍. ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്.

അമല്‍ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എന്‍പിയും നസ്രിയ നസീം പ്രൊഡക്ഷന്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്ന ചിത്രം, ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.