വിവാഹവാര്‍ഷിക ദിനത്തില്‍ സലീം കുമാറിന് മധുരം നല്‍കി മമ്മൂട്ടി; ചിത്രങ്ങള്‍ കാണാം

September 15, 2018

വിവാവാര്‍ഷികദിനത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നും കിടിലന്‍ സര്‍പ്രൈസ് കിട്ടിയ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയ ഹാസ്യതാരം സലീംകുമാറും ഭാര്യ സുനിതയും. മമ്മൂട്ടി നായകനായെത്തുന്ന മധുരരാജ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചായിരുന്നു സലീംകുമാറിന്റെ വിവാഹവാര്‍ഷിക ആഘോഷം. മമ്മൂട്ടി തന്നെയായിരുന്നു ചടങ്ങില്‍ അവതാരകനായതും. സിനിമാ ലൊക്കേഷനില്‍വെച്ചു നടത്തിയ ആഘോഷപരിപാടിയില്‍ മമ്മൂട്ടി നേതൃത്വം നല്‍കിയതുകൂടിയായപ്പോള്‍ സലിം കുമാറിനും ഭാര്യയ്ക്കും ലഭിച്ചത് ഇരട്ടി മധുരം.

ആഘോഷത്തിന്റെ ചിത്രങ്ങള്‍ സലീം കുമാര്‍തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിരവധി പേര്‍ സലീംകുമാറിനും ഭാര്യയ്ക്കും ആശംസകളറിയിച്ചും രംഗത്തെത്തിയിരുന്നു. ചെറിയൊരു കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം സലീം കുമാര്‍ പങ്കുവെച്ചിരുന്നു. ‘എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം ‘മധുരരാജയുടെ’ ലൊക്കേഷനില്‍ വെച്ച് ആഘോഷിച്ചു. നന്ദി മമ്മുക്ക, വൈശാഖ്, നെല്‍സണ്‍ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ, ക്രൂ മെംബേര്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ്’ ഈ കുറിപ്പോടുകൂടിയാണ് വിവാഹവാര്‍ഷിക ആഘോഷത്തിന്റെ ചിത്രങ്ങള്‍ സലീം കുമാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

2010 ല്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ‘പോക്കിരി രാജ’യുടെ രണ്ടാം ഭാഗമാണ് ‘മധുരരാജ‘ എന്ന ചി കഴിഞ്ഞ വര്‍ഷമാണ് പോക്കിരി രാജയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും മധുരരാജ.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത്. കേരളത്തിലെയും തമിഴ്‌നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുക. ചിത്ത്രതിന് മികച്ച പ്രതീക്ഷയും ആരാധകര്‍ അര്‍പ്പിക്കുന്നുണ്ട്.