രസകരമായി സൂചിയില്‍ നൂല് കോര്‍ത്ത് ഷാരൂഖ് ഖാന്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

September 20, 2018

സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ച് ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തീകരിച്ചിരിക്കുകയാണ് പ്രിയതാരം ഷാരൂഖ് ഖാന്‍. ‘സൂയി ധാഗ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരത്തിന്റെ ഈ ഉദ്യമം. ചിത്രത്തിന്റെ പ്രെമോഷന്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. തികച്ചും വിത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ പ്രമോഷന്‍. സൂചിയില്‍ നൂല് കോര്‍ക്കുന്ന ഒരു മത്സരമാണ് ചിത്രത്തിന്റെ പ്രമോഷനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനുമാണ് സൂയി ധാഗയിലെ പ്രധാന കഥാപാത്രങ്ങള്‍.

വലിയ ദ്വാരമുള്ള സൂചിയിലാണ് ഷാരൂഖ് ഖാന്‍ നൂല് കോര്‍ത്തത്. ചലഞ്ച് ഭംഗിയായി പൂര്‍ത്തീകരിച്ച താരം ഒപ്പം ഒരു കുറിപ്പു കൂടി പങ്കുവെച്ചു. ‘എന്റെ രീതിയില്‍ ചലഞ്ച് ഞാന്‍ പൂര്‍ത്തീകരിച്ചു’ എന്ന അടിക്കുറിപ്പാണ് താരം പങ്കുവെച്ചത്. രസകരമായ ഷാരൂഖ് ഖാന്റെ ചലഞ്ച് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ഏറ്റവും കുറവു സമയംകൊണ്ട് ചലഞ്ച് പൂര്‍ത്തീകരിച്ച ഷാരൂഖ് ഖാനെ വിജയിയായി പ്രഖ്യാപിച്ച് സൂയി ധാഗയിലെ നായിക അനുഷ്‌ക ശര്‍മ്മയും ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെയും നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണ്‍ ധവാന്‍ തന്നെയാണ് സൂചിയില്‍ നൂല് കോര്‍ക്കല്‍ ചലഞ്ചുമായി ആദ്യം രംഗത്തെത്തിയത്. അക്ഷയ് കുമാറിനെയായിരുന്നു താരം വെല്ലുവിളിച്ചത്. മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും അക്ഷയ് കുമാര്‍ ഇപ്പോള്‍ സച്ചിന്‍ തെണ്ടൂല്‍ക്കറെ സൂചിയില്‍ നൂല് കോര്‍ക്കാന്‍ ചലഞ്ച് ചെയ്തിരുന്നു.

ഇന്ത്യയിലെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മധ്യവയസ്‌കയായ ഒരു ഗ്രാമീണ സ്ത്രീയായിട്ടാണ് അനുഷ്‌ക ശര്‍മ്മ വേഷമിടുന്നത്. ശരത് കതാരിയ ആണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 28 ന് ചിത്രം തീയറ്ററുകളിലെത്തും.