‘നന്ദി സച്ചിൻ നിങ്ങളുടെ സ്ഥാനം ഞങ്ങളുടെ ഹൃദയത്തിലാണ്’; ‘കേരള ബ്ലാസ്റ്റേഴ്സ് എന്നും ഹൃദയത്തിൽ തന്നെ’ ആരാധകർക്കൊപ്പം വികാരനിര്‍ഭരനായി സച്ചിന്‍..

September 17, 2018

ലോക മലയാളികളുടെ ഹരമായി മാറിയ  കേരളാ ബ്ലാസ്റ്റേഴ്‌സിനെ  ഇന്ത്യ മുഴുവനുമുള്ള ഫുട്ബോൾ പ്രേമികൾ നെഞ്ചേറ്റിയതിന് പിന്നിൽ ഒരു കാരണം കൂടി ഉണ്ടായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ ടീമിലുള്ള ഉടമസ്ഥാവകാശം. എന്നാൽ കായിക പ്രേമികളുടെ ഈ ഇഷ്ട താരത്തിന്  ഇപ്പോൾ കേരളത്തിന്റെ മഞ്ഞപ്പടയിന്മേലുള്ള ഉടമസ്ഥാവകാശം നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സച്ചിന് നന്ദി പറഞ്ഞ് ആരാധകരും. കേരളാ ബ്ലാസ്റ്റേഴ്‌സിന് നന്ദി പറഞ്ഞ് സച്ചിനും രംഗത്തെത്തിയിരിക്കുകയാണ്.

‘കേരള ഫുട്ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് സച്ചിന് നന്ദി പറയുന്നു. നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ എന്നുമുണ്ടാകും. സച്ചിന്‍റെ തീരുമാനങ്ങളെ ബഹുമാനിച്ച് മുന്നോട്ടുപോകും. എല്ലാ സംരഭങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. കേരള ഫുട്ബോളിന് നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറയുന്നതിനൊപ്പം ബ്ലാസ്റ്റേഴ്‌സിന്‍റെ അംബാസിഡറായി തുടരണമെന്നും അഭ്യര്‍ത്ഥിക്കുന്നു’. മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.

ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ നാല് വര്‍ഷമായി തന്‍റെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിരുന്നു. ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ സ്നേഹവും വികാരവുമെല്ലാം നേരില്‍ അനുഭവിക്കാനായത് മറക്കാനാകില്ല. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ക്ലബ്ബിന്‍റെ അടിത്തറ ഭദ്രമാണ്. ഈ സാഹചര്യത്തില്‍ സഹ ഉടമസ്ഥനെന്ന ബന്ധം ഒഴിയേണ്ട സമയമായെന്നും സച്ചിന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബ്ലാസ്റ്റേഴ്സ് എന്നും അഭിമാനമായിരിക്കും. അതിനാല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി എല്ലാ കാലത്തും തന്‍റെ ഹൃദയം തുടിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം സച്ചിന്‍റെ പേരില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഇരുപത് ശതമാനം ഓഹരിയാണുള്ളത്. ഈ ഓഹരികള്‍ എം.എ യൂസുഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങിയതായുള്ള വാര്‍ത്തകള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് നിഷേധിച്ചു. നിലവിലെ ഉടമകളായ തെലുങ്ക് നടന്മാരായ ചിരജ്ഞീവിയും അല്ലു അരവിന്ദുമാണ് സച്ചിന്‍റെ ഓഹരികള്‍ വാങ്ങിയതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.