കണ്ണില്‍ തീ പാറുന്ന നോട്ടവുമായി ‘ദംഗല്‍’ നായിക; പുതിയ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍

September 21, 2018

‘ദംഗല്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് ഫാത്തിമ സന ഷേയ്ക്ക്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന പുതിയ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഫാത്തിമ സന അവതരിപ്പിക്കുന്നത്. സഫീറ എന്നാണ് സിനിമയില്‍ ഫാത്തിമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

‘ദംഗല്‍’ എന്ന ചിത്രത്തില്‍ ഗാത ഫോഗട്ട് എന്ന കഥാപാത്രമായിട്ടായിരുന്നു ഫാത്തിമ സന വെള്ളിത്തിരയിലെത്തിയത്. ഈ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തിലെ കാരക്ടര്‍ പോസ്റ്ററിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കണ്ണില്‍ തീ പാറുന്ന നോട്ടവുമായാണ് ഫാത്തിമ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൈയില്‍ വില്ലുമേന്തിയിട്ടുണ്ട്. കാരക്റ്റര്‍ പോസ്റ്ററില്‍ നിന്നു തന്നെ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ഫാത്തിമ സന അവതരിപ്പിക്കുന്നതെന്ന് വ്യക്തം.

അമിതാഭ് ബച്ചനും ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചന്റെ കാരക്ടര്‍ പോസ്റ്റര്‍ നേരത്തെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ പോസ്റ്ററിനും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

വിജയ് കൃഷ്ണ ആചാര്യയാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം. അമീര്‍ഖാന്‍, കത്രീന കൈഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ പീരിയഡ് ഡ്രാമയാണ്. ചിത്രത്തിനു വേണ്ടി ഫാത്തിമ സന ആയുധ പരിശാലനവും നടത്തിയിരുന്നു. ഈ വര്‍ഷം നവംബറില്‍ ചിത്രം തീയറ്ററുകളിലെത്തും.