രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നൂറ് റണ്‍സ് പിന്നിട്ട് ഇന്ത്യ

October 29, 2018

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ നൂറ് റണ്‍സ് പിന്നിട്ട് ഇന്ത്യ. എന്നാല്‍ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റും നഷ്ടമായി. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാനെയും നായകന്‍ വിരാട് കോഹ്‌ലിയെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

71 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. നാലാം ഏകദിനത്തില്‍ പതിനാറ് റണ്‍സ് മാത്രം അടിച്ചെടുത്താണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പുറത്തായത്. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനം ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നു.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം കൂടാതെ ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇരു ടീമുകളും ഓരോ മത്സരത്തില്‍ വിജയിച്ചതിനാല്‍ ഈ മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമാണ്.

പൂനൈയിലെ തോല്‍വിക്ക് ശേഷം പ്രധാനമായും രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവും യുസ്വേന്ദ്ര ചാഹലിനു പകരം രവീന്ദ്ര ജഡേജയും ടീമിലെത്തിയിട്ടുണ്ട്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീദ് ബുംമ്രയുംമാണ് നാലാം ഏകദിനത്തിലെ ബൗളിങില്‍ ഇന്ത്യയുടെ തുറുപ്പു ചീട്ട്.