സെഞ്ചുറി നേടി കോഹ്‌ലി; ഇന്ത്യ 500 കടന്നു

October 5, 2018

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് മികച്ച തുടക്കം. അരങ്ങേറ്റത്തില്‍ സെഞ്ചുറി അടിച്ചെടുത്ത പൃത്വി ഷായ്ക്ക് പിന്നാലെ നായകന്‍ വിരാട് കോഹ് ലിയും സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതോടെ 118 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് അടിച്ചെടുത്തു ഇന്ത്യ.

ഋഷഭ് പന്താണ് അഞ്ചാമതായി പുറത്തായ താരം. സെഞ്ചുറിക്ക് എട്ട് റണ്‍സ് മാത്രം ബാക്കിനില്‍ക്കെയാണ് പന്ത് പുറത്തായത്. 120 റണ്‍സോടെ കോഹ്‌ലിയും 19 റണ്‍സോടെ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. കോഹ്‌ലി- പന്ത് കൂട്ടുകെട്ടില്‍ 133 റണ്‍സ് അടിച്ചെടുത്തിരുന്നു.

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് ഇന്ത്യ നേടിയിരുന്നു. ആദ്യദിനം കലി അവസാനിച്ചപ്പോള്‍ വിരാട് കോഹ് ലിയും രഹാനയുമായിരുന്നു ക്രീസില്‍. 92 പന്തില്‍ 41 റണ്‍സെടുത്ത് രഹാന പുറത്തായി. ഇന്ന് ഋഷഭ് പന്തും കോഹ്‌ലിയുമാണ് പോരാട്ടത്തിനിറങ്ങിയത്. രണ്ടാം ദിനത്തിലെ ഏഴാം ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 400 കടത്തിയിരുന്നു. മികച്ച നിലവാരത്തില്‍ തന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ്.