ഒടുവില്‍ കാളിദാസ് ജയറാം നായകനായെത്തുന്ന ആ ചിത്രത്തിനു പേരിട്ടു

October 27, 2018

ആരാധകര്‍ ഏറെ നാളുകളായി കാത്തിരുന്ന ഒന്നാണ് കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’ എന്നാണ് ചിത്രത്തിന്റെ പേര്.

സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ പേര് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചിത്രത്തിന്റേതായി പുതിയ ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്. അപര്‍ണ്ണ ബാലമുരളിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍.

അതേസമയം കാളിദാസ് ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’ എന്നാണ് ചിത്രത്തിന്റെ പേര്. മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം. അര്‍ജന്റീന ആരാധകരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകന്‍ ചെരുവിലിന്റെ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന കഥയെ ആധാരമാക്കിയാണ് മിഥുന്‍ മാനുവല്‍ സിനിമ ഒരുക്കുന്നത്.

ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.