‘കോളാമ്പി’യില്‍ നിത്യാ മേനോനൊടൊപ്പം അരിസ്റ്റോ സുരേഷും

October 23, 2018

നിത്യാ മേനോന്‍ നായികയായി എത്തുന്ന പുതിയ ചിത്രം ‘കോളാമ്പി’യില്‍ കേന്ദ്ര കഥാപാത്രമായി അരിസ്റ്റോ സുരേഷുമെത്തുന്നു. ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് അരിസ്റ്റോ സുരേഷ്. ‘കോളാമ്പി’ എന്ന ചിത്രത്തില്‍ ആംപ്ലിഫയര്‍ നാണു എന്ന കഥാപാത്രത്തെയാണ് അരിസ്റ്റോ സുരേഷ് അവതരിപ്പിക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാര്‍ എത്തുന്നചിത്രം കൂടിയാണ് കോളാമ്പി.

കോളാമ്പി മൈക്ക്നിരോധിച്ചതിനെത്തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രൂപേഷ് ഓമനയാണ്. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിനിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മനാണ്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനിന്ന ടി കെ രാജീവ് കുമാര്‍ സംവിധായക രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദേശീയ ചലച്ചിത്രപുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ രാജീവിന്റെ അവസാന ചിത്രം ‘തത്സമയം ഒരു പെണ്‍കുട്ടി’ ആയിരുന്നു. ആ ചിത്രത്തില്‍ നായികയായി എത്തിയ നിത്യ മേനോന്‍ തന്നെയാണ് പുതിയ ചിത്രത്തിലും നായികയായി എത്തുന്നത് എന്ന പ്രത്യേകതയും ‘കോളാമ്പി’യ്ക്കുണ്ട്.