’96’ തെലുങ്ക് പതിപ്പില്‍ അഭിനയിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടി നല്‍കി സമാന്ത

October 18, 2018

പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടി തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന ചിത്രമാണ്’96’. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. എന്നാല്‍ ’96’ ന്റെ തെലുങ്കുപതിപ്പില്‍ അഭിനയിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് നടി സമാന്ത നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇടം പിടിക്കുന്നത്. ’96’ എന്ന ചിത്രം ഒരിക്കലും റീമേക്ക് ചെയ്യാന്‍ പാടില്ല എന്ന രസകരമായ മറുപടിയാണ് സമാന്ത ആരാധകന് നല്‍കിയത്.

’96’ എന്ന സിനിമ കണ്ടതിനു ശേഷം വളരെ മികച്ച അഭിപ്രായമാണ് സമാന്ത രേഖപ്പെടുത്തിയിരുന്നത്. അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കഥാപാത്രം തൃഷ എത്ര മനോഹരമാക്കിയെന്ന് പറയാന്‍ വാക്കുകളില്ലെന്നു സമാന്ത നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.

ഒക്ടോബര്‍ നാലിനാണ് ’96’ തീയറ്ററുകളിലെത്തിയത്. തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം.

കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതില്‍ ഒരു ലുക്ക് 96 വയസ്സിലുള്ളതാണ്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.