നൃത്തം ചെയ്ത് ബച്ചനും അമീറും; ‘തഗ്‌സ് ഓഫ് ഹിന്ധുസ്ഥാനി’ലെ വീഡിയോ ഗാനം കാണാം

October 17, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ‘വാഷ്മല്ലേ…’ എന്നു തുടങ്ങുന്ന ഗാനമാണ് ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടി മുന്നേറുന്നത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അമിതാഭ് ബച്ചനും അമീര്‍ ഖാനുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇരുവരും മനോഹരമായ നൃത്തച്ചുവടുകളും വെയ്ക്കുന്നുണ്ട്. സുഖ്വിന്ദര്‍ സിങ്ങും വിശാല്‍ ഡഡ്‌ലാനിയും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. അജയ് അതുല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അമിതാഭ് ഭട്ടാചാര്യയുടേതാണ്.

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രം നവംബറില്‍ തീയറ്ററുകളിലെത്തും. നവംബര്‍ എട്ടിനാണ് ചിത്രം തീയറ്ററുകളിലെത്തുക എന്നതാണ് അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും കാരക്ടര്‍ പോസ്റ്ററിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

ചിത്രത്തില്‍ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. തലപ്പാവും പടച്ചട്ടയും കൈയില്‍ വാളുമായി നില്‍ക്കുന്ന ബിഗ്ബിയുടെ ചിത്രം കടല്‍ക്കൊള്ളക്കാരെ ഓര്‍മ്മിക്കുന്ന വിധത്തിലുള്ളതാണ്. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ബിഗ്ബി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുതിരപ്പുറത്തേറി വരുന്ന അമീര്‍ഖാന്റെ ചിത്രവും നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഫിരംഗി എന്നാണ് അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

അമിതാഭ് ബച്ചന്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം തുടക്കംമുതല്‍ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ചിരുന്നു. ലോകമെങ്ങുമുള്ള ബിഗ്ബി ആരാധകര്‍ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. വിജയ് കൃഷ്ണ ആചാര്യയാണ് ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം.

ദംഗല്‍’ എന്ന ചിത്രത്തില്‍ ഗാത ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച ഫാത്തിമ സനയും ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഫാത്തിമ സനയുടെ കാരക്ടര്‍ പോസ്റ്ററിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കണ്ണില്‍ തീ പാറുന്ന നോട്ടവുമായാണ് ഫാത്തിമ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. കൈയില്‍ വില്ലുമേന്തിയിട്ടുണ്ട്. കാരക്റ്റര്‍ പോസ്റ്ററില്‍ നിന്നു തന്നെ ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് ഫാത്തിമ സന അവതരിപ്പിക്കുന്നതെന്ന് വ്യക്തം. ബിഗ് ബജറ്റ് ചിത്രമായ ‘തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍’ പീരിയഡ് ഡ്രാമയാണ്. ചിത്രത്തിനു വേണ്ടി ഫാത്തിമ സന ആയുധ പരിശീലനവും നടത്തിയിരുന്നു.