സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

October 23, 2018

സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജനപ്രിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്. ഐഒഎസ് ഉപഭോക്താക്കള്‍ക്കായാണ് പുതിയ ഫീച്ചര്‍. ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും ഉപയോഗിച്ച് വാട്‌സ്ആപ്പ് ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനമാണ് ഐഒഎസ് ഉപഭോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഉടന്‍ പുറത്തിറക്കുക.

പുതിയ ഫീച്ചര്‍ അതിന്റെ നിര്‍മ്മാണ ഘട്ടത്തിലാണ്. ഐഒഎസ് ഉപഭോക്താക്കളുടെ നിരന്തരമായ നിര്‍ദ്ദേശത്തെ പരിഗണിച്ചാണ് സുരക്ഷയ്ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നത്. പുതിയ ഫീച്ചറുകള്‍ ടച്ച് ഐഡിയുള്ള പഴയ ഐഒഎസ് ഫോണുകളിലും ഫെയ്‌സ് ഐഡി സംവിധാനമുളള പുതിയ ഐഒഎസ് ഫോണുകളിലും ലഭ്യമാകും.

നിലവില്‍ ചില ആന്‍ഡ്രോയ്ഡ് ഫോണുകള്‍ തേര്‍ഡ് പാര്‍ട്ടി ആപ് ലോക്ക് ആപ്ലിക്കേഷനുകളുടെ സഹായമാണ് വാട്‌സ്ആപ്പ് പോലുള്ള സേവനങ്ങളെ സുരക്ഷിതമാക്കാന്‍ ഉപയോഗപ്പെടുത്തുന്നത്. നമ്പറോ പാറ്റേണ്‍ ലോക്കോ ഉപയോഗിച്ചാണ് ഇത്തരം ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ ഫെയ്‌സ് ഐഡിയും ടച്ച് ഐഡിയും ഉപയോഗിച്ച് സുരക്ഷ ഒരുക്കാനാണ് വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നത്.