നൂറ് കോടി ക്ലബില്‍ ഇടംപിടിച്ച് ബോളിവുഡില്‍ നിന്നൊരു ഹാസ്യചിത്രം

November 5, 2018

നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡില്‍ നിന്നൊരു ഹാസ്യചിത്രം. ‘ബദായി ഹോ’ എന്ന രസകരമായ ചിത്രമാണ് ബോളിവുഡില്‍ നിന്നും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയത്. ചലച്ചിത്ര നിരൂപകനായ തരണ്‍ ആദര്‍ശ് തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്കു മുമ്പില്‍ ചിരി പടര്‍ത്തിയിരുന്നു’ബദായി ഹോ’. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആയുഷ്മാന്‍ ഖുറാന പ്രധാന വേഷത്തിലെത്തുന്ന കോമഡി ചിത്രമാണ് ബദായി ഹോ. ദംഗല്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ സന്യ മല്‍ഹോത്രയാണ് ചിത്രത്തിലെ നായിക. ഗജ്‌രാജ് റാവു, നീന ഗുപ്ത, ഷീബ ഛദ്ദ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രായമായ അമ്മ ഗര്‍ഭിണി ആകുന്നു. തങ്ങളുടെ അച്ഛനും അമ്മയ്ക്കും മൂന്നാമതൊരു കുട്ടി കൂടി പിറക്കാന്‍ പോകുന്നു എന്നറിയുന്ന മകന്റെ ആകുലതകളാണ് ചിത്രത്തിന്റെ പ്രമേയം. അമിത് രവീന്ദ്രനാഥ് ശര്‍മ്മ ആണ് ബദായി ഹോയുടെ സംവിധായകന്‍.