ഐഎസ്എല്‍: സ്വന്തം തട്ടകത്തില്‍ വിജയിച്ച് പുനെ സിറ്റി

November 22, 2018

ഐഎസ്എല്‍ അഞ്ചാം സീസണില്‍ ജെംഷഡ്പുര്‍ എഫിസിയുമായുള്ള പോരാട്ടത്തില്‍ പുനെ സിറ്റിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പുനെ വിജയം കണ്ടത്. സ്വന്തം മൈതാനത്ത് പുനെ സിറ്റിക്ക് ലഭിക്കുന്ന ആദ്യവിജയംകൂടിയാണ് ഇത്. മത്സരത്തിന്റെ എണ്‍പത്തിയാറാം മിനിറ്റില്‍ നേടിയ ഗോളാണ് പുനെയെ വിജയത്തിലെത്തിച്ചത്.

മത്സരം തുടങ്ങിയപ്പോള്‍മുതല്‍ക്കെ പുനെയ്ക്ക് തന്നെയായിരുന്നു മേല്‍ക്കൈ. അഞ്ചാം മിനിറ്റില്‍ ഡിഗോ കാര്‍ലോസ് പുനെയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. എന്നാല്‍ തെട്ടുപിന്നാലെ ജെംഷഡ്പുര്‍ താരം സുമിത് പാസിയും ഗോള്‍ നേടി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സമനിലയിലെത്തിയ ടീമുകള്‍ വാശിയോടെ തന്നെ കളിച്ചു. സ്വന്തം തട്ടകത്തില്‍ ആദ്യവിജയം സ്വന്തമാക്കണമെന്ന് ഉറപ്പിച്ചായിരുന്നു പുനെ സിറ്റിയുടെ പോരാട്ടം. ആ പോരാട്ട വീര്യം ഫലം കാണുകയും ചെയ്തു. മത്സരത്തിന്റെ എണ്‍പത്തിയാറാം മിനിറ്റില്‍ മാറ്റ് മില്‍സ് ആണ് പുനെയ്ക്ക് വിജയഗോള്‍ സമ്മാനിച്ചത്.

എട്ട് മത്സരങ്ങളില്‍ നിന്നായി പതിനൊന്ന് പോയിന്റുകളുമായി നാലാം സ്ഥാനത്താണ് നിലവില്‍ ജെംഷഡ്പുര്‍. എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുകള്‍ നേടിയ പുനെ എട്ടാം സ്ഥാനത്തുമാണ്.