പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തി വീണ്ടും ‘ജോസഫ്’; മോഷന്‍ പോസ്റ്റര്‍ കാണാം

November 15, 2018

ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ജോസഫ്’. ചിത്രത്തിലെ ജോജുവിന്റെ ലുക്ക് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തെക്കുറിച്ച് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്ന തരത്തില്‍ പുതിയ മോഷന്‍ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ടൈറ്റില്‍ റോളിലെത്തുന്ന ജോജുവിന്റെ മേക്ക് ഓവറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു. പുതിയ ലുക്കില്‍ എത്തുന്ന ജോജുവിന്റെ രൂപം സിനിമാ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ‘ജോസഫ്’ നാളെ തീയറ്ററുകളിലെത്തും. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്; മാന്‍ വിത്ത് സ്‌കെയര്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

ദിലീഷ് പോത്തന്‍, അനില്‍ മുരളി, സൗബിന്‍ സാഹിര്‍, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജോജുവിന്റെ കരിയറിലെതന്നെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ജോസഫ് എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.