ആക്ഷന്‍ രംഗങ്ങളുമായി ടൊവിനോ: ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പുതിയ ട്രെയിലര്‍

November 5, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പുതിയ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചാണ് ആദ്യത്തെ ട്രെയിലര്‍ പുറത്തുവിട്ടത്. അതുകൊണ്ടുതന്നെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അനു സിത്താരയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്ത്രെ അവതരിപ്പിക്കുന്നത്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിലെത്തുന്നുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. ചിത്രം നവംബര്‍ 9 ന് തീയറ്ററുകളിലെത്തും.