ആക്ഷന്‍ രംഗങ്ങളുമായി ‘സഗാ’; ട്രെയിലര്‍ കാണാം

November 10, 2018

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ധനുഷ് കേന്ദ്ര കഥാപാത്രമായെത്തിയ ‘വട ചെന്നൈ’. ചിത്രത്തിലെ ധനുഷ് അവതരിപ്പിച്ച അന്‍പ് എന്ന കഥാപാത്രത്തോടൊപ്പം തന്നെ അന്‍പിന്റെ കൂട്ടാളിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ശരണ്‍ എന്ന യുവനടനാണ് വട ചെന്നൈയില്‍ ധനുഷിന്റെ കൂട്ടാളിയായി പ്രേക്ഷക ശ്രദ്ധ നേടിയത്. ശരണ്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുകയാണ്. ‘സഗാ’ എന്നാണ് ചിത്രത്തിന്റെ പേര്.

നവാഗതനായ മുരുഗേഷ് ആണ് ശരണ്‍ നായകനായെത്തുന്ന ‘സഗാ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഇതിനോടകം തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കിഷോര്‍, ശ്രീറാം, പൃഥ്വി, ആര്യ, നീരജ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സെല്ലി സിനിമാസിന്റെ ബാനറില്‍ ആര്‍ സെല്‍വകുമാറും രാംപ്രശാന്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ക്രൈം ഡ്രാമാ വിഭാഗത്തില്‍ പെടുന്നതാണ് ‘സഗാ’ എന്ന ചിത്രം.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘വട ചെന്നൈ‘. ഇന്ത്യയ്ക്ക് പുറമെ വിദേശത്തു നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധായകന്‍. പിന്‍ജിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മികച്ച പ്രതികരണമാണ് ‘വട ചെന്നൈ’ എന്ന ചിത്രത്തിന് ലഭിച്ചത്. സങ്കീര്‍ണ്ണതകള്‍ ഏറെയുള്ള ഒരല്പം ബോള്‍ഡായ കഥാപാത്രമായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘ആടുകളം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വെട്രിമാരന്‍. ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ‘വട ചെന്നൈ’ എന്ന ചിത്രത്തിനുണ്ട്.