മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മ്മജനെ അംബാനിയോട് ഉപമിച്ച് സലീം കുമാര്‍; ചിരി പടര്‍ത്തുന്ന വീഡിയോ കാണാം

November 20, 2018

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സലീം കുമാറിന്റെ പ്രസംഗം. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന മത്സ്യ വിപണന ശൃംഖലയിലെ പുതിയ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലീം കുമാര്‍. വെണ്ണലയിലെ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പുതിയ ഫ്രാഞ്ചൈസി രമേഷ് പിഷാരടിയും കലാഭവന്‍ ഷാജോണും ചേര്‍ന്നാണ് ആരംഭിച്ചിരിക്കുന്നത്.

ഹിഷ് ഹബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സലീം കുമാര്‍ നടത്തിയ പ്രസംഗമാണ് കാഴ്ചക്കാരുടെ ഇടയില്‍ ചിരി പടര്‍ത്തുന്നത്. ലോകത്ത് ആദ്യമായി ഒരു ബ്രാഹ്മണന്‍ മീന്‍ കച്ചവ്വടം ആരംഭിക്കുന്നു എന്നു ഹാസ്യേന പറഞ്ഞുകൊണ്ടായിരുന്നു സലീം കുമാര്‍ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മ്മജന്‍ മുകേഷ് അംബാനിയെപ്പോലെയാണെന്നും ചിരി പടര്‍ത്തിക്കൊണ്ട് സലീം കുമാര്‍ പറഞ്ഞു.

കൊച്ചിക്കാര്‍ക്ക് ഏറെ ആവേശം പകരുന്നതായിരുന്നു നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി കൊച്ചിയില്‍ ആരംഭിച്ച ഫിഷ് ഹബ്ബ്. ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം കഴിഞ്ഞ ജൂലൈ അഞ്ചിനാണ് പ്രവര്‍ത്തനം ആരംഭിച്ചത്.ധര്‍മ്മജനും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ചസ്ഥാപനം, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷം ചേര്‍ത്ത മീനുകള്‍ക്ക് പകരം മീനുകള്‍ ഫ്രഷായിട്ട് നാട്ടുകാര്‍ക്ക് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ആരംഭിച്ചത്. ചെറു മീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ധര്‍മുസ് ഫിഷ് ഹബ്ബ് ഒരുക്കിയിട്ടുണ്ട്.