‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ നായികയെ പരിചയപ്പെടുത്തി അരുൺ ഗോപി

December 31, 2018

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ ലോകം. ചിത്രത്തിലെ നായിക ആരെന്നുള്ള ചോദ്യവും ഉയർന്നുകേൾക്കാൻ  തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അരുൺഗോപി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ നായികയെ അരുൺ ഗോപി പ്രേഷകർക്ക് പരിചയപ്പെടുത്തിയത്. റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. മോഡലിങ്ങിലൂടെയാണ് സയ ഡേവിഡ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്.

ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന്‍ പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിനുവേണ്ടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് തന്ത്രങ്ങളും പ്രണവ് മോഹന്‍ലാല്‍ പരിശീലിച്ചിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.