കേരള രാജ്യാന്തര ചലച്ചിത്രമേള: ഉദ്ഘാടന ചിത്രം ‘എവരിബഡി നോസ്’
കേരള രാജ്യാന്ത്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. ഇറാനിയന്‍ സംവിധായകനായ ഫര്‍ഹാദിയുടെ എവരിബഡി നോസ് ആണ് മേളയിലെ ഉദ്ഘാടന ചിത്രം. ഒരു സ്പാനിഷ് സൈക്കോളജിക്കല്‍ ത്രില്ലറാണ് ഈ ചിത്രം. 2018 ലെ കാന്‍ ചലച്ചിത്രമേളയിലും എവരിബഡി നോസ് തന്നെയായിരുന്നു ഉദ്ഘാടനചിത്രം.
ഒരു അമ്മയും മക്കളും നടത്തുന്ന യാത്രകളും അതിനെചുറ്റിപ്പറ്റി അരങ്ങേറുന്ന ചില അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഓസ്കാര്‍ വിജയികളും ദമ്പതികളുമായ ഹാവിയര്‍ ബാരഡം പെനലോഷ് ക്രൂസ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
ഡിസംബര്‍ ഏഴിനു ആരംഭിക്കുന്ന മേള 14 ന് അവസാനിക്കും. നേരത്തെ പ്രഖ്യാപിച്ചതുപ്രകാരം മേള നടത്താന്‍ സര്‍ക്കാര്‍ പണം നല്‍കില്ല. മൂന്നരക്കോടി രൂപയായി ഈ വര്‍ഷത്തെ ചെലവ് ചുരുക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ആറുകോടി മുപ്പത്തിയഞ്ച് ലക്ഷമാണ് ചെലവായത്. അതേസമയം ഈ വര്‍ഷം ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയിട്ടുണ്ട്. 2000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്കായിരിക്കും ഈടാക്കുക. ഈ വര്‍ഷം 12,000 പാസുകള്‍ നല്‍കാനാണ് തീരുമാനമായിരിക്കുന്നത്.
Read more: രാജ്യാന്തര ചലച്ചിത്രമേള; ‘ഐഎഫ്എഫ്കെ ചലഞ്ചു’മായി ചലച്ചിത്ര അക്കാദമി
ചലച്ചിത്രമേളയില്‍ 120 സിനിമകളാണ് ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. പന്ത്രണ്ട് തീയറ്ററുകളിലായിട്ടായിരിക്കും പ്രദര്‍ശനം നടക്കുക. രാജ്യാന്തര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. പതിനാല് മലയാള സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.