മമ്മൂട്ടിയുടെ ‘യാത്ര’യെ പ്രശംസിച്ച് പൃഥ്വിരാജ്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. വൈഎസ്ആര്‍ റെഡ്ഡിയായി താരം വേഷമിടുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ മമ്മൂട്ടിയുടെ ‘യാത്ര’യെ പ്രശംസിച്ച് പൃഥ്വിരാജും രംഗത്തെത്തിയിരിക്കുകയാണ്. തെലുങ്കുഭാഷയിലെ സൂക്ഷ്മതയോടെയുള്ള അദ്ദേഹത്തിന്റെ കഥാപാത്ര ആവിഷ്കാരം ഏറെ മികച്ചതാണെന്ന് പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു.
ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര് കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മ്മാണം.
Just saw a couple of scenes of #Yatra . The command #Mammookka has over Telugu, and the subtlety with which he renders it is spell binding. Looks great! @mammukka @YatraMovie PS: I know I’m not the greatest judge of Telugu language! Just saying what I felt ?
— Prithviraj Sukumaran (@PrithviOfficial) December 23, 2018
നേരത്തെ പുറത്തിറങ്ങിയ യാത്രയിലെ ‘സമര ശംഖം’ എന്നുതുടങ്ങുന്ന ഗാനത്തിന് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് കാലാ ഭൈരവി ആണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്.
സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 80, 90 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രം കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 8 ന് യാത്ര തീയറ്ററുകളിലെത്തും.