‘കനാ’ കേരളത്തിലെ തീയറ്ററുകളിലേക്കും

January 1, 2019

മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘കനാ’. ചിത്രം കേരളത്തിലും റിലീസിങിന് ഒരുങ്ങുന്നു. ജനുവരി 4 ന് ചിത്രം കേരളത്തിലെ തീയറ്ററുകളിലെത്തും. തമിഴ്‌നാട്ടില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ മികച്ച പ്രേക്ഷകപ്രശംസ നേടി തീയറ്ററുകളില്‍ മുന്നേറുകയാണ്.

ഒരു വനിതാ ക്രിക്കറ്റ് താരമാകണമെന്നു മോഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് കനായുടെ പ്രമേയം. ഇന്ത്യന്‍ ക്രിക്കറ്റ് താരമാകാന്‍ ഒരു യുവതി നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുണ്‍രാജ കാമരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണ്‍രാജ കാമരാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കനാ. ശിവകാര്‍ത്തികേയനാണ് ചിത്രത്തിന്‍രെ നിര്‍മ്മാണം. ഒരു അതിഥി വേഷത്തില്‍ ശിവകാര്‍ത്തികേയനും ചിത്രത്തിലെത്തുന്നുണ്ട്. ഇതിനുപുറമെ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി നിരവധി ക്രിക്കറ്റ് താരങ്ങളും കനായില്‍ അണിനിരക്കുന്നുണ്ട്.